Kerala News

‘രാഷ്ട്രീയ റാലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് നിരോധിക്കേണ്ടേ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Keralanewz.com

കൊച്ചി: രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതും വിലക്കേണ്ടതല്ലേ എന്നു ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ കണ്ടതിന്റെ പശ്ചാത്തലത്തിലാണു പോക്സോ കേസുകൾ പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് പി.ഗോപിനാഥിന്റെ വാക്കാലുള്ള പരാമർശം

കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാണ്. കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ ഇവരുടെ മനസ് എങ്ങിനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുകയെന്ന് കോടതി ചോദിച്ചു. അഭിപ്രായ മത സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ കുട്ടികളെ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നും കോടതി ചോദിച്ചു.

അതേസമയം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആലപ്പുഴയില്‍ നടന്നത്

റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന പേരിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ റാലി നടത്തിയത്. കുട്ടികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റേയും മറ്റുള്ളവര്‍ അത് ഏറ്റ് ചൊല്ലുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു

Facebook Comments Box