ഒബിസി ബിൽ രാജ്യസഭയിലും പാസാക്കി
ന്യൂഡല്‍ഹി: ഒബിസി പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. 187 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ ആരും എതിർത്തില്ല.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ തന്നെയാണ് ലോക്സഭയിലും ബിൽ പാസാക്കിയത്. 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചപ്പോൾ ആരും എതിര്‍ത്തില്ല. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127 -ാം ഭേദഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ബില്‍ പാസാക്കുന്നതിനെതിരെ ബിഹാര്‍ അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ അതൃപ്തി പുകഞ്ഞിരുന്നു. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ വ്യവസ്ഥകളുള്ള ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്.
മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു