Kerala News

വിസ്മയയുടെ ആത്മാവ് കാറിലുണ്ട്, അതുകൊണ്ട് മുൻസീറ്റ് ഒഴിച്ചിടുന്നു; ത്രിവിക്രമൻ നായർ കോടതിയിലേക്ക് പോയത് മകൾക്ക് നൽകിയ കാറിൽ

Keralanewz.com

കൊല്ലം: കിരണിന്റെ ശിക്ഷാവിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലേക്ക് പോയത് വിവാഹസമയത്ത് മകൾക്ക് നൽകിയ കാറിൽ. തന്റെ മകളുടെ ആത്മാവ് കാറിലുണ്ടെന്നും അതുകൊണ്ടാണ് മുൻസീറ്റ് ഒഴിച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു

ഈ കാർ വാങ്ങാൻ വിസ്മയയ്ക്കൊപ്പമാണ് പോയത്. അവൾ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോയത്. ഈ കാറിനെ ചൊല്ലിയാണ് കിരൺ വിസ്മയയെ മർദിച്ചിരുന്നത്

തനിക്ക് ഇഷ്ടമുള്ള കാറല്ല സ്ത്രീധനമായി ലഭിച്ചതെന്നും, വെന്റോ കാറാണ് താൻ ആവശ്യപ്പെട്ടിരുന്നതെന്നും പറഞ്ഞാണ് ഇയാൾ വിസ്മയയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നത്. ഇഷ്ടപ്പെട്ട കാർ കിട്ടില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വിവാഹം വേണ്ടെന്നുവയ്ക്കുമായിരുന്നെന്ന് കിരൺ പറയുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേസിൽ ഇന്നലെയാണ് കിരൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നാലെ വിസ്മയയ്ക്ക് നീതി ലഭിച്ചെന്ന് കുടുംബം പ്രതികരിച്ചിരുന്നു. മകൾ കുറേ അനുഭവിച്ചുവെന്നും അതിനുള്ള കൂലിയാണ് കോടതി വിധിയെന്നുമായിരുന്നു ഇന്നലെ കോടതി മുറ്റത്തുവച്ച് ത്രിവിക്രമൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കിരണിന് മാതൃകാപരമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Facebook Comments Box