Fri. Apr 26th, 2024

അബുദാബി മലയാളി റെസ്റ്റോറന്റിലെ സ്ഫോടനം മരണം മൂന്നായി, മരിച്ച രണ്ട് മലയാളികളെയും തിരിച്ചറിഞ്ഞു

By admin May 28, 2022 #news
Keralanewz.com

ബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിലെ മലയാളി റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

രണ്ട് മലയാളികളും ഒരു പാക് പൗരനുമാണ് മരിച്ചത്. മരിച്ച മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കാഞ്ഞങ്ങാട് കൊളവയല്‍ കാറ്റാടിയില്‍ ദാമോദരന്റെ മകന്‍ ധനേഷ് (32) ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശിയായ ആര്‍ ശ്രീകുമാര്‍ (43) എന്നിവരാണ് മരിച്ച മലയാളികള്‍. ധനേഷ് റെസ്റ്റോറന്റില്‍ ആഹാരം കഴിക്കാനെത്തിയതായിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തില്‍ റെസ്റ്റോറന്റില്‍ നിന്ന് തെറിച്ചുവന്ന ലോഹക്കഷണം സമീപത്തെ കെട്ടിടത്തില്‍ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാറിന്റെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു.

80 ശതമാനത്തോളം പൊള്ളലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധനേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അവധിയ്ക്ക് ശേഷം രണ്ട് ദിവസം മുമ്ബാണ് ധനേഷ് തിരിച്ച്‌ അബുദാബിയില്‍ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അപകടത്തില്‍ 120 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 106 പേരും ഇന്ത്യക്കാരാണെന്നാണ് എംബസി അധികൃതര്‍ വ്യക്തമാക്കുന്നത്. 56 പേര്‍ക്ക് കാര്യമായ പരിക്കുകളുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫുഡ് കെയര്‍ റെസ്റ്റോറന്റില്‍ പൊട്ടിത്തെറിയുണ്ടായത്. കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദര്‍, കോഴിക്കോട് സ്വദേശിയായ ബഷീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു. രണ്ടുതവണ സ്ഫോടനമുണ്ടായി. സ്ഫോടനത്തില്‍ അടുത്തുള്ള ആറ് കെട്ടിടങ്ങള്‍ക്കും റെസ്റ്റോറന്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു

Facebook Comments Box

By admin

Related Post