Mon. Apr 29th, 2024

ബം​ഗാളിക്കും സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്ക് ലഭിക്കുക 10 ശതമാനം മുന്നോക്ക സംവരണത്തിന്റെ ആനുകൂല്യം

By admin May 30, 2022 #news
Keralanewz.com

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും സംവരണം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി സ്ഥിരതാമസമാക്കിയവര്‍ക്കാണ് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. 10 ശതമാനം സാമ്ബത്തികസംവരണം ലഭിക്കുന്ന വിഭാ​ഗത്തില്‍ ഉള്‍പ്പെടുത്തിയാകും ഇവര്‍ക്കും സംവരണം നല്‍കുക.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെവന്ന് താമസിക്കുന്നവരില്‍ സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് ഇ.ഡബ്‌ള്യൂ.എസ്. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതോടെ കേരളത്തിലെ മുന്നോക്ക സംവരണ ആനുകൂല്യം ലഭിക്കുന്നവരെയാകും ഇത് ബാധിക്കുക. പുതിയ ഒരു വിഭാഗത്തിനുകൂടി ആനുകൂല്യം ലഭിക്കുന്ന കാര്യമായതിനാല്‍ ഫയല്‍ മന്ത്രിസഭയ്ക്കുവിടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം മാറ്റിവെച്ചിരിക്കുകയാണ്.

സംവരണേതര വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്‌ള്യൂ.എസ്.) 103ാം ഭരണഘടനാഭേദഗതിയിലൂടെ 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ ഇത് ബാധകമാക്കുന്നത് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാനും അധികാരം നല്‍കി.

ഇതനുസരിച്ച്‌ ജസ്റ്റിസ് കെ. ശശിധരന്‍ നായര്‍ കമ്മിഷനെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. വാര്‍ഷിക കുടുംബവരുമാനം നാലുലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് സാമ്ബത്തികസംവരണം നല്‍കാമെന്ന കമ്മിഷന്റെ ശുപാര്‍ശ 2020 ഒക്ടോബറില്‍ സര്‍ക്കാര്‍ നടപ്പാക്കി.

നിലവില്‍, ഇങ്ങോട്ടു കുടിയേറിയ ഇതരസംസ്ഥാനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമല്ല. എന്നാല്‍, 2019-ല്‍ ഇവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു. ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബാധകമാക്കിയ വ്യവസ്ഥകളാണ് സാമ്ബത്തികസംവരണം നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റിനും ബാധകമാക്കുന്നത്.

മറ്റു സംവരണമൊന്നും ഇല്ലാത്തവര്‍ക്കുള്ള സംവരണമായതിനാല്‍ അതിഥിത്തൊഴിലാളികള്‍ക്കായിരിക്കില്ല കൂടുതലായി ഇതിന്റെ പ്രയോജനം ലഭിക്കുക. പകരം, ഇടത്തരം ജോലിക്കും മറ്റുമായി കുടിയേറിയ മുന്നാക്കക്കാരിലെ സാമ്ബത്തിക പിന്നാക്കാവസ്ഥ ഉള്ളവര്‍ക്കായിരിക്കും.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് കുടിയേറിയവര്‍ക്ക് സാമ്ബത്തികസംവരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മുന്നാക്കവിഭാഗ കമ്മിഷനോട് അഭിപ്രായം ചോദിച്ചിരുന്നു. നിലവില്‍ ഈ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങളുടെ സാധ്യതകളെ ഇത് ബാധിക്കാമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ജോലിക്കും മറ്റും ആനുകൂല്യം ലഭിക്കുംവിധം സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നായിരുന്നു കമ്മിഷന്റെ നിലപാട്.

എന്നാല്‍, ദേശീയതലത്തില്‍ സംവരണേതര വിഭാഗങ്ങള്‍ക്കായി നടപ്പാക്കിയ സംവരണം മറ്റൊരു സംസ്ഥാനത്തുനിന്നുവന്ന് സ്ഥിരതാമസമാക്കി എന്നതുകൊണ്ട് നിഷേധിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിലേക്കു നീങ്ങുന്നത്

Facebook Comments Box

By admin

Related Post