വഡോദര: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ സ്വയം വിവാഹം ചെയ്ത് യുവതി. ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദുമാണ് തന്നെത്തന്നെ വിവാഹം ചെയ്തത്.
വിവാഹിതയായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇരുപത്തിനാലുകാരി പ്രതികരിച്ചു. ചുവപ്പ് വിവാഹ വസ്ത്രത്തിനൊപ്പം സിന്ദൂരവും മംഗല്യസൂത്രവും വധു ധരിച്ചിട്ടുണ്ട്.
ഇന്നലെയായിരുന്നു വിവാഹം. ജൂണ്‍ 11 ന് ചടങ്ങ് നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിവാഹം നേരത്തെ ആക്കുകയായിരുന്നു.
ഗോത്രി ഏരിയയിലെ ക്ഷമയുടെ വീട്ടില്‍വച്ചായിരുന്നു വിവാഹം നടന്നത്. 40 മിനിറ്റ് നീണ്ടുനിന്ന ചടങ്ങില്‍ ജീവിതകാലം മുഴുവന്‍ സ്വയം പിന്തുണയ്ക്കാമെന്ന് യുവതി വാഗ്ദ്ധാനം ചെയ്തു. വരനും പുരോഹിതനും ഒഴികെ ബാക്കിയെല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടായിരുന്നു.
‘മറ്റ് വധുക്കളെപ്പോലെ വിവാഹത്തിന് ശേഷം എനിക്ക് വീട്ടില്‍ നിന്ന് പോകേണ്ടിവന്നില്ലെന്നാണ് പ്രധാന നേട്ടം.എന്റെ 10 സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. ഒരുപക്ഷെ രാജ്യത്തെ തന്നെ ആദ്യ സോളോഗാമിയായിരിക്കും ഞാന്‍.
കല്യാണം ക്ഷേത്രത്തില്‍ വച്ച് നടത്തണമെന്നുണ്ടായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ എനിക്ക് വേദി മാറ്റേണ്ടിവന്നു. വിവാഹദിവസം ആരെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്ന് ഭയന്നിരുന്നു. എന്റെ സ്‌പെഷല്‍ ഡേ നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ വിവാഹം ഇന്നലെ നടത്തി’.- യുവതി പറഞ്ഞു