Sat. May 4th, 2024

മോദി തോല്‍വി പേടിയിലാണ്

By admin Apr 25, 2024
Congress president Mallikarjun Kharge speaks during celebrations after the party's win in Karnataka Assembly elections, in Bengaluru | PTI
Keralanewz.com

ഒന്നാംഘട്ടം പോളിങ് പിന്നിട്ടതോടെ നരേന്ദ്ര മോദിയും സംഘ്പരിവാറും അങ്കലാപ്പിലാണെന്നും പച്ചക്ക് വർഗീയത പ്രധാനമന്ത്രി തന്നെ ആവർത്തിച്ച്‌ പറയുന്നതിന്‍റെ സാഹചര്യം തോല്‍വി പേടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

അഭിമുഖത്തില്‍നിന്ന്

  • പച്ചയായ വർഗീയ പരാമർശങ്ങള്‍ പ്രധാനമന്ത്രി ആവർത്തിക്കുകയാണ്?

നരേന്ദ്ര മോദിയെ വലിയതോതില്‍ നിരാശ ബാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പിന്നെയും പിന്നെയും പറയുന്നത്. കോണ്‍ഗ്രസ് ഹിന്ദുക്കളുടെ സ്വത്തും സ്വർണവും പണവും പിടിച്ചെടുത്ത് കൂടുതല്‍ കുട്ടികളുള്ളവർക്ക് അതായത് മുസ്ലിംകള്‍ക്ക് നല്‍കുമെന്നൊക്കെ ആരെങ്കിലും പറയുമോ… എനിക്ക് അഞ്ച് മക്കളുണ്ട്.

ലാലു പ്രസാദിന് ഒമ്ബത് മക്കളുണ്ട്. ധാരാളം മക്കളുള്ള കുടുംബമായിരുന്നു ഗാന്ധിജിയുടേത്. അംബേദ്കർ അദ്ദേഹത്തിന്‍റെ കുടുംബത്തിലെ 14ാമത്തെ പുത്രനാണ്. എല്ലാം മതവുമായി കൂട്ടിക്കെട്ടരുത്. അത് വളരെ മോശമാണ്. ഇത്തരം നടപടികള്‍ രാജ്യത്തെ തകർക്കും. പ്രധാനമന്ത്രി രാജ്യത്തിന്‍റെ ചരിത്രം പഠിക്കണം.

  • ഭിന്നിപ്പിച്ച്‌ വിജയിക്കാനുള്ള ഈ തന്ത്രത്തെ പ്രതിപക്ഷം എങ്ങനെയാണ് നേരിടുക?

ഇത്തരം മോശം വർത്തമാനം പറഞ്ഞ പ്രധാനമന്ത്രിയെ തുറന്നുകാട്ടും. ഭരണഘടനയും മതേതരത്വവും രാജ്യവും സംരക്ഷിക്കപ്പെടാൻ ഇത്തരമൊരാളും പാർട്ടിയും ഭരണത്തില്‍ തുടരാൻ പാടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ജനങ്ങള്‍ അതൊക്കെ മനസ്സിലാക്കുന്നുണ്ട്. 55 വർഷം രാജ്യം ഭരിച്ചവരാണ് ഞങ്ങള്‍. മോദി പറഞ്ഞതുപോലെ എന്തെങ്കിലും കോണ്‍ഗ്രസ് സർക്കാറുകള്‍ ചെയ്തിട്ടുണ്ടോ…? ഭൂപരിഷ്കരണം, ബാങ്ക് ദേശസാത്കരണം, തൊഴിലുറപ്പ്, വിവരാവകാശം തുടങ്ങിയ പുരോഗമനപരമായ നയങ്ങളാണ് കോണ്‍ഗ്രസ് കൊണ്ടുവന്നത്. നരേന്ദ്ര മോദി എല്ലാകാലത്തും വർഗീയ ധ്രുവീകരണത്തിന്‍റെ ആളാണ്.

ഗുജറാത്ത് കലാപത്തിന്‍റെ പേരുപറഞ്ഞാണ് 2014ല്‍ അദ്ദേഹം പ്രധാനമന്ത്രിയായത്. 2019ലും വർഗീയത പറഞ്ഞാണ് വോട്ട് പിടിച്ചത്. ഇപ്പോള്‍ ഹിന്ദു സ്ത്രീകളുടെ താലിമാലയെക്കുറിച്ച്‌ പറയുന്നതും അതിന്‍റെ മറ്റൊരു പതിപ്പ് മാത്രം. നാലാംകിട രാഷ്ട്രീയക്കാരന്‍റെ നിലവാരത്തിലാണ് മോദി പ്രവർത്തിക്കുന്നത്.

  • പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് തൃപ്തികരമാണോ…?

സെലക്ഷൻ നടത്തുന്നത് മോദിയാണ്. അപ്പോള്‍ പിന്നെ ഇലക്ഷനും മോദിയുടേത് മാത്രമായി മാറി. തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അധികാരം സർക്കാറിലേക്ക് മാറ്റിയത് മോദിയാണ്. ഇലക്ഷൻ നടപടിക്രമങ്ങള്‍ തുടങ്ങിയതിന് ശേഷമാണ് ഇക്കുറി ഒരു അംഗത്തെ രാജിവെപ്പിച്ചത്. പുതിയ രണ്ടുപേരെ നിയമിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമീഷൻ സർക്കാർ പറയുന്നത് അനുസരിക്കുന്നവരാകുന്നത് ദുരന്തമാണ്.

ഇലക്ഷൻ കമീഷൻ മാത്രമല്ല, സ്വയംഭരണാവകാശമുള്ള എല്ലാ ഭരണഘടന സ്ഥാപനങ്ങളിലും അവർ ഇടപെടുകയാണ്. സർവകലാശാലകളിലും പാഠ്യപദ്ധതി പരിഷ്കരണത്തിലുമുള്ള ഇടപെടല്‍ ഉദാഹരണം. ഭരണസംവിധാനത്തില്‍ എല്ലായിടത്തും സംഘ്പരിവാറാണ്. ആർ.എസ്.എസുകാരെ കേന്ദ്ര സർവിസില്‍ ജോയന്‍റ് സെക്രട്ടറിമാരായി കരാറില്‍ നിയമനം നല്‍കും. പിന്നീട് സ്ഥിരപ്പെടുത്തും. ഇതാണ് പ്രവർത്തനരീതി.

  • ഇൻഡ്യ മുന്നണിയുടെ വിജയപ്രതീക്ഷ എത്രത്തോളമാണ്…

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ജനങ്ങളുമായി സംസാരിച്ചു. ജനവികാരം ഞങ്ങള്‍ക്ക് അനുകൂലമാണ്. ഇൻഡ്യ മുന്നണി വിജയിക്കും. മോദി സർക്കാറിനെതിരായ ശക്തമായ ജനവികാരമുണ്ട്. അത് അത്രമേല്‍ പുറത്ത് കാണുന്നില്ലായിരിക്കാം. എന്നാല്‍, സർക്കാർ മാറണമെന്ന ആഗ്രഹം എല്ലാവിഭാഗം ജനങ്ങളിലും ശക്തമാണ്. കോണ്‍ഗ്രസിനും ഇൻഡ്യ മുന്നണിക്കും അനുകൂലമായി വരികയാണ് കാര്യങ്ങള്‍.

ഒന്നാംഘട്ട പോളിങ് നടന്ന മണ്ഡലങ്ങളില്‍ ഇൻഡ്യ മുന്നണിക്കാണ് മേല്‍ക്കൈ. രണ്ടാംഘട്ടത്തില്‍ കേരളത്തിലടക്കം കോണ്‍ഗ്രസടക്കം കാര്യമായി മുന്നേറും. അത് മോദിക്കുമറിയാം. അതിനാലാണ് മോദി കോണ്‍ഗ്രസിനെ തുടർച്ചയായി കടന്നാക്രമിക്കുന്നത്. മോദി പറയുന്നത് ഇക്കുറി 400ല്‍ കൂടുതല്‍ സീറ്റെന്നാണ് ആവർത്തിച്ച്‌ അവകാശപ്പെടുന്നത്. അത്രയും ആത്മവിശ്വാസമുണ്ടെങ്കില്‍ എന്തിനാണ് മറ്റ് പാർട്ടികളില്‍ നേതാക്കളെ സ്വാധീനിച്ച്‌ ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ പണിയെടുക്കുന്നത്.

  • മോദിയുടെ ഗാരന്‍റി വാഗ്ദാനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

മോദിയുടെ ഗാരന്‍റി എന്ന് പറയുന്നത് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ നടപ്പാക്കില്ല എന്നതിനുള്ള ഗാരന്‍റിയാണ്. വർഷം രണ്ടുകോടി യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് മോദി വോട്ട് നേടിയത്. രണ്ടുകോടി തൊഴില്‍ ആർക്കെങ്കിലും കിട്ടിയോ? 15 ലക്ഷം നല്‍കുമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് വിദേശത്ത് കടത്തിയ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞു. ആർക്കെങ്കിലും 15 ലക്ഷം കിട്ടിയോ? കള്ളപ്പണം എത്രപേരില്‍നിന്ന് പിടിച്ചെടുത്തു?

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞിട്ട് എന്തായി? മോദിജി, നിങ്ങള്‍ നുണയനാണെന്ന് ആവർത്തിച്ച്‌ പറയണ്ടേിവരുന്നത് അതുകൊണ്ടാണ്. അത് വസ്തുതയാണ്. എല്ലാവർക്കും മനസ്സിലാകുന്ന കര്യം. അത് പറഞ്ഞതിന്‍റെ പേരില്‍ ഞങ്ങളോട് ക്ഷോഭിച്ചിട്ട് കാര്യമില്ല. ഞാൻ ഞാൻ മോദി മോദി എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒരു നേതാവല്ല, പാർട്ടിയാണ് ഭരിക്കുന്നത്. മോദിയുടെ ഞാൻ ഞാൻ എന്ന് പറയുന്നത് ഏകാധിപത്യത്തിന്‍റെ ലക്ഷണമാണ്.

  • ആദായനികുതി ഇടപെടലും പാർട്ടി ഫണ്ട് മരവിപ്പിക്കലുമൊക്കെ എങ്ങനെയാണ് തരണംചെയ്യുന്നത് ?

പ്രതിപക്ഷത്തിന് പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നില്ല. സംഭാവന സ്വീകരിക്കാൻ അനുവദിക്കുന്നില്ല. പിരിച്ച തുകയാകട്ടെ അക്കൗണ്ടില്‍നിന്ന് എടുക്കാനും സമ്മതിക്കുന്നില്ല. കോണ്‍ഗ്രസിന്‍റെ 135 കോടിയാണ് നികുതി വകുപ്പിനെ ഉപയോഗിച്ച്‌ പിടിച്ചെടുത്തത്. വീടും പണവും പാർട്ടിക്കും രാജ്യത്തിനും വേണ്ടി നല്‍കിയിട്ടുള്ളവരാണ് ഞങ്ങള്‍ കോണ്‍ഗ്രസുകാർ. സ്വാതന്ത്ര്യസമരത്തില്‍ പോലും പങ്കില്ലാത്ത സംഘ്പരിവാറിന് ഞങ്ങളെ തളർത്താനാകില്ല. പ്രതിസന്ധികള്‍ കോണ്‍ഗ്രസ് അതിജീവിക്കും.

  • കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യഎതിരാളി ആരാണ്?

അത് സംസ്ഥാന നേതാക്കള്‍ പലകുറി പറഞ്ഞ കാര്യമാണ്. ഞാൻ ആവർത്തിക്കേണ്ടതില്ല. ഇവിടെ 20 സീറ്റിലും ഞങ്ങള്‍ ജയിക്കും.

  • മുഖ്യമന്ത്രി പിണറായി വിജയൻ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തുന്ന കടുത്ത വിമർശനങ്ങളോട് കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍റെ മറുപടി എന്താണ്…

അതൊക്കെ പറഞ്ഞുകഴിഞ്ഞതാണ്. വ്യക്തിപരമായ വിമർശനങ്ങള്‍ക്ക് അതേരീതിയില്‍ തന്നെ പ്രതികരണം നല്‍കിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post