Sun. May 5th, 2024

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ പി. ആർ വർക്കിനായി മന്ത്രി ഓഫിസിൽ മീഡിയ സെൽ രൂപികരിച്ചു

By admin Jun 18, 2022 #news
Keralanewz.com

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ പി. ആർ വർക്കിനായി മന്ത്രി ഓഫിസിൽ മീഡിയ സെൽ രൂപികരിച്ചു. സെക്രട്ടേറിയേറ്റ് അനക്സ് – 2 വിലെ മൂന്നാം നിലയിലാണ് മന്ത്രി ബിന്ദുവിന്റെ ഓഫിസ്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മീഡിയ സെല്ലാണ് രൂപികരിക്കുന്നത്. മീഡിയ സെൽ പ്രവർത്തിക്കുന്ന മുറിയിൽ പുതിയ എയർ കണ്ടീഷൻ സ്ഥാപിക്കാൻ ഈ മാസം 14 ന് സർക്കാർ അനുമതി നൽകി. ഏപ്രിൽ 5 ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിൽ മീഡിയ സെല്ലിനുവേണ്ടി അടിയന്തിരമായി എ.സി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ ( ഹൗസ് കീപ്പിംഗ് സെൽ ) വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിയുടെ ഓഫിസിനോട് ചേർന്നുള്ള റൂം നമ്പർ 301 (എം) ലാണ് മീഡിയ സെൽ . 65,000 രൂപയാണ് എ.സി സ്ഥാപിക്കാൻ അനുവദിച്ചത്

ഇരിങ്ങാലക്കുടയിൽ നിന്നുള്ള എം.എൽ.എ യായ ബിന്ദു അപ്രതീക്ഷിതമായാണ് മന്ത്രി പദവിയിൽ എത്തിയത്. പോളിറ്റ് ബ്യൂറോ അംഗം എ. വിജയ രാഘവന്റെ ഭാര്യയായ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കാര്യമായി ശോഭിക്കാൻ സാധിച്ചില്ല. സ്വന്തം പേരിനോടൊപ്പം  പ്രൊഫസർ എന്ന് ചേർത്തത് വിവാദമാകുകയും പിന്നിട് മന്ത്രി ബിന്ദു അത് ഡോക്ടർ എന്നാക്കി മാറ്റുകയും ചെയ്തു. വകുപ്പ് കാര്യക്ഷമമാക്കാനാണ് മീഡിയ സെൽ രൂപികരണത്തിലൂടെ മന്ത്രി ഉദ്ദേശിക്കുന്നത്. ഒരു പാട് കാര്യങ്ങൾ വകുപ്പിൽ ചെയ്യുന്നുണ്ടെങ്കിലും പുറം ലോകം അതറിയുന്നില്ലെന്നും ശക്തമായ മീഡിയ സെൽ ഉണ്ടെങ്കിൽ വകുപ്പ് നാലാൾ അറിയുമെന്നും മന്ത്രിക്ക് കിട്ടിയ ഉപദേശം അനുസരിച്ചാണ് മീഡിയ സെൽ രൂപികരണം. മീഡിയ സെൽ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകേണ്ടതിന്റെ ഭാരവും സർക്കാർ ഖജനാവിന് തന്നെ.

പി.ആർ.ഡിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി ബിന്ദു സ്വന്തം ഓഫിസിൽ മീഡിയ സെൽ രൂപികരിക്കുന്നതെന്ന ആക്ഷേപം ഉയർന്ന് കഴിഞ്ഞു. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ സ്വന്തം ഓഫിസിൽ സോഷ്യൽ മീഡിയ ടീം രൂപികരിച്ചത് മീഡിയ നേരത്തെ പുറത്ത് വിട്ടിരുന്നു. ഗോവിന്ദൻ മാസ്റ്ററുടേയും ബിന്ദുവിന്റേയും ചുവട് പിടിച്ച് മറ്റ് മന്ത്രിമാരും സ്വന്തം ഓഫിസിൽ മീഡിയ സെൽ രൂപികരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പി.ആർ.ഡി ഉണ്ടെങ്കിലും മുഖ്യമന്ത്രിക്കും സ്വന്തം സോഷ്യൽ മീഡിയ ടീമുണ്ട്. 25 പേഴ്സണൽ സ്റ്റാഫുകൾക്ക് പുറമേയാണ് മീഡിയ ടീം. മന്ത്രിസഭയുടെ കാലാവധി കഴിയുമ്പോൾ പേഴ്സണൽ സ്റ്റാഫുകൾക്ക് ലഭിക്കുന്നതു പോലെ മീഡിയ ടിമിനും പെൻഷൻ നൽകേണ്ടിവരുമോ എന്ന ആശങ്കയാണ് ഉയരുന്നത്

Facebook Comments Box

By admin

Related Post