പേരാമ്ബ്ര: സി.പി.എം-യു.ഡി.എഫ് സംഘര്‍ഷം നിലനില്‍ക്കുന്ന നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വീടിനുനേരെ ചൊവ്വാഴ്ച പുലര്‍ച്ചെ ബോംബാക്രമണമുണ്ടായി.
നൊച്ചാട് സൗത്ത് ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ബോംബേറില്‍ വീടിന്റെ മുന്‍ഭാഗത്തെ വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു.
പുലര്‍ച്ചെ 1.30 നും 1.45നും ഇടയില്‍ രണ്ടു പെട്രോള്‍ ബോംബുകളാണ് എറിഞ്ഞത്. പേരാമ്ബ്ര പൊലീസ് ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ടി.പി. രാമകൃഷ്ണന് എം.എല്‍.എ, ജില്ല സെക്രട്ടറി എം. മോഹനന്, ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മിറ്റി വെള്ളിയൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഏരിയ കമ്മിറ്റി അംഗം കെ.കെ. ഹനീഫ, ജനാധിപത്യ മഹിള അസോസിയേഷന് നേതാവ് എം.കെ. നളിനി, അഡ്വ.കെ.കെ. രാജന്, പി.എം. കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ വെള്ളിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരെയും പെട്രോള്‍ ബോംബാക്രമണം നടന്നിരുന്നു.
രയരോത്ത് മുക്കിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.സി. അഹ്മദിന്റെ പലചരക്കുകട തീയിട്ടു നശിപ്പിക്കാനുള്ള ശ്രമവും നടന്നു. കൂടാതെ, മാവട്ടെയില് താഴെ കോണ്‍ഗ്രസ്, ലീഗ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ വാല്യക്കോടും മുളിയങ്ങലിലും സി.പി.എം ഓഫിസുകള്‍ക്ക് നേരെയാണ് അക്രമണം നടന്നത്. സംഘര്‍ഷത്തില്‍ മൂന്നു പൊലീസുകാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കുപറ്റിയിരുന്നു