പാകിസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 24കാരിയായ അദ്ധ്യാപിക പിടിയില്‍, അതിര്‍ത്തി കടക്കാനെത്തിയത് കടുത്ത തീരുമാനത്തോടെ

Spread the love
       
 
  
    

അമൃത്സര്‍: പാകിസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 24കാരിയായ അദ്ധ്യാപിക അതിര്‍ത്തിയില്‍ പിടിയില്‍.

മദ്ധ്യപ്രദേശിലെ രേവയില്‍ നിന്നുള്ള 24 കാരിയായ ലവ്‌ലോണ്‍ഫിസ ഖാനാണ് അട്ടാരിയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ച്‌ പൊലീസിന്റെ പിടിയിലായത്. പ്രണയം തലയ്ക്ക് പിടിച്ചാണ് യുവതി പാകിസ്ഥാനിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ കണ്ടുമുട്ടിയ പാകിസ്ഥാന്‍ സുഹൃത്ത് ദില്‍ഷാദിനെ വിവാഹം ചെയ്യാനായിരുന്നു പദ്ധതി. വിദേശയാത്രയ്ക്ക് ആവശ്യമായ എല്ലാ രേഖകളും യുവതിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണ് യാത്ര തടസപ്പെട്ടത്. യുവതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍ അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞുനിര്‍ത്തി പൊലീസിന് കൈമാറി.

കറാച്ചി സ്വദേശിയായ ദില്‍ഷാദുമായി ഫിസ ഖാന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഇതിനായി ഫിസ പാകിസ്ഥാനിലേക്ക് പോകാന്‍ തീരുമാനിക്കുകയും, പാക് വിസയും മറ്റ് യാത്രാ രേഖകളും സംഘടിപ്പിക്കുകയും ചെയ്തു.

സ്‌കൂളില്‍ പോയെങ്കിലും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ജൂണ്‍ 16 ന് വീട്ടുകാര്‍ രേവ സിറ്റി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പാകിസ്ഥാനിലേക്ക് കടക്കാന്‍ ഫിസ പദ്ധതിയിട്ടിരുന്നത് അറിയാമായിരുന്ന ബന്ധുക്കള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. അതിര്‍ത്തി കടക്കുമെന്ന ആശങ്കയില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് ഫിസയുടെ യാത്ര മുടക്കിയത്. ജൂണ്‍ 23 ന് യുവതി അമൃത്സറിലെത്തി കറാച്ചിയിക്ക് കടക്കാന്‍ അട്ടാരി അന്താരാഷ്ട്ര അതിര്‍ത്തിയിലേക്ക് പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ സൗരവ് കുമാര്‍ സോണിയുടെ നേതൃത്വത്തിലുള്ള രേവയില്‍ നിന്നുള്ള പൊലീസ് സംഘമെത്തി ഫിസയെ കൂട്ടിക്കൊണ്ടു പോയി.

ഇതിന് മുന്‍പും പാകിസ്ഥാന്‍ പുരുഷന്മാരെ തേടി യുവതികള്‍ അതിര്‍ത്തി കടന്നിട്ടുണ്ട്. 2019 ല്‍ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഗര്‍ശങ്കറില്‍ താമസിക്കുന്ന മൂന്ന് കുട്ടികളുടെ മാതാവ് ബൈശാഖി ആഘോഷിക്കാന്‍ പാകിസ്ഥാനില്‍ പോയപ്പോള്‍ അവിടെ വച്ച്‌ കണ്ട് മുട്ടിയ യുവാവിനെ വിവാഹം ചെയ്തിരുന്നു. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടയില്‍ ടീന ശര്‍മ്മ എന്ന യുവതിയും മുഹമ്മദ് സുലെമാന്‍ എന്നയാളെ ഇഷ്ടപ്പെട്ട് പാകിസ്ഥാനിലെത്തി വിവാഹം ചെയ്തിരുന്നു. 2018 ഒക്ടോബറിലായിരുന്നു ഈ സംഭവം

Facebook Comments Box

Spread the love