Sat. Apr 20th, 2024

മണ്‍മറഞ്ഞ പിതാവ് വിവാഹവേദിയില്‍, പൊട്ടിക്കരഞ്ഞ് വധു, അമ്ബരന്ന് ഭാര്യ

By admin Jun 30, 2022 #news
Keralanewz.com

ഹൈദരാബാദ്: സ്വപ്നം വിടരുന്ന കണ്ണുകളുമായി സര്‍വാഭരണ വിഭൂഷിതയായ വധു അമ്മയുടെ കരം പിടിച്ച്‌ വിവാഹവേദിയിലേക്ക് വരികയാണ്…

അതിഥികള്‍ക്കിടയിലൂടെ അവള്‍ കണ്ടു, മരിച്ചുപോയ പിതാവ് വിവാഹമണ്ഡപത്തിലിരിക്കുന്നു. ‌ആദ്യം അമ്ബരപ്പ്, തൊട്ടടുത്ത നിമിഷം കരഞ്ഞുകൊണ്ടവള്‍ ഓടിയടുത്ത് അച്ഛന്റെ മാറിലണഞ്ഞു. കെട്ടിപ്പിടിച്ചുമ്മ വച്ചു. പിന്നെ ഹൃദയഭാരത്തോടെ തിരിച്ചറിഞ്ഞു, പിതാവിന്റെ മെഴുകു പ്രതിമയാണത് !

വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ഹൈദരാബാദിലെ വിവാഹവേദി സാക്ഷിയായത്.

പിതാവിന്റെ അകാലവേര്‍പാടില്‍ ദുഃഖിച്ചിരുന്ന സായ് വൈഷ്ണവിക്ക് ആശ്വാസമേകാനായി സഹോദരന്‍ ഫാനികുമാറാണ് വിവാഹവേദിയില്‍ അച്ഛന്റെ മെഴുകുപ്രതിമ എത്തിച്ചത്. മരിച്ചുപോയ ഭര്‍ത്താവ് ആവുല സുബ്രഹ്മണ്യന്റെ തത്‌സ്വരൂപത്തിലുള്ള മെഴുകുപ്രതിമ കണ്ട ഭാര്യ പൊട്ടിക്കരഞ്ഞു. വിവാഹത്തിനെത്തിയ ബന്ധുക്കളും നാട്ടുകാരുമെല്ലാം സുബ്രഹ്‌മണ്യന്റെ പ്രതിമയെ കെട്ടിപ്പിടിച്ച്‌ കണ്ണീര്‍വാര്‍ത്തു. മകളുടെ വിവാഹം സ്വപ്നം കണ്ട പിതാവിന് ഇതൊരു മരണാനന്തര സാക്ഷാത്ക്കാരമായെന്ന് അതിഥികള്‍ പറഞ്ഞു. ജീവന്‍ തുടിക്കുന്ന പ്രതിമയ്ക്കൊപ്പം വധൂവരന്‍മാര്‍ വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ഫോട്ടോയെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം സ്നേഹസ്മരണകള്‍ തിരതല്ലുന്ന നിമിഷങ്ങളാണ് സമ്മാനിച്ചത്

Facebook Comments Box

By admin

Related Post