Kerala News

റേഷന്‍ മണ്ണെണ്ണയ്ക്ക് 14 രൂപ കൂട്ടി 102 രൂപായക്കി കേന്ദ്രം; ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ഡീസലിനേക്കാളും വില

Keralanewz.com

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ മണ്ണെണ്ണയുടെ വില വീണ്ടും കൂട്ടി.

ലിറ്ററിന് ഒറ്റയടിക്കു 14 രൂപ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്തു വില ലിറ്ററിന് 102 രൂപയായി. ട്രോളിങ് നിരോധന കാലത്ത് കടലില്‍ പോകാന്‍ അനുമതിയുള്ള പരമ്ബരാഗത മത്സ്യബന്ധനമേഖലയ്ക്കു വിലക്കയറ്റം വന്‍ തിരിച്ചടിയാകും. മെയ്‌ മാസം ഒരു ലീറ്റര്‍ റേഷന്‍ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണില്‍ 4 രൂപ കൂട്ടി 88 രൂപയാക്കി. ഇതാണ് ഇപ്പോള്‍ വീണ്ടും കൂട്ടിയത്.

ഇന്നലെയും വില വര്‍ദ്ധിച്ചതോടെ ഒരു ലീറ്റര്‍ മണ്ണെണ്ണയുടെ വില ഡീസലിനേക്കാള്‍ ഉയര്‍ന്നതായി. ഒരു ലീറ്റര്‍ പെട്രോളിന് മണ്ണെണ്ണയേക്കാള്‍ ഏകദേശം അഞ്ച്‌രൂപ മാത്രമാണു കൂടുതല്‍. അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മിഷന്‍, കേന്ദ്ര സംസ്ഥാന ജിഎസ്ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണു റേഷന്‍കടകളില്‍ നിന്നു മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

ജൂണ്‍ മാസം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ 4 രൂപയുടെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ ഈടാക്കിയിരുന്നില്ല. ഇപ്പോഴും ലീറ്ററിന് 84 രൂപയ്ക്കാണു റേഷന്‍ കടകളിലൂടെ വിതരണം. സ്റ്റോക്ക് തീരും വരെ ഈ വിലയ്ക്കു തന്നെ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാന്‍ പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ റേഷന്‍ മണ്ണെണ്ണ എന്നു മുതല്‍ വിതരണം ചെയ്യുമെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചിട്ടില്ല.

Facebook Comments Box