Sat. Apr 20th, 2024

പ്രതാപ് പോത്തൻ അന്തരിച്ചു

By admin Jul 15, 2022 #news
Keralanewz.com

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

1952ൽ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. നിർമാതാവ് ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളേജ് കാലഘട്ടത്തിൽ തന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു.

മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

അഴിയാത കോലങ്ങൾ, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ സംവിധാനം ചെയ്ത ബറോസിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. സിനിമയ്ക്ക് പുറമെ പരസ്യകാലരംഗത്തും സജീവമായിരുന്നു പ്രതാപ് പോത്തൻ. ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി തിരക്കിലായിരുന്നു അദ്ദേഹം

Facebook Comments Box

By admin

Related Post

You Missed