Kerala News

പ്രവാചക നിന്ദ: നൂപുര്‍ ശര്‍മ്മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വ​രെ സുപ്രീം കോടതി തടഞ്ഞു

Keralanewz.com

ന്യൂഡല്‍ഹി: പ്രവാചകനെ നിന്ദിച്ച കേസില്‍ ബി.ജെ.പി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വ​രെ തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്.

വ്യത്യസ്ത സംസ്ഥാനങ്ങളിലായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം ഒരു കോടതിയുടെ പരിധിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച്‌ നൂപുര്‍ ശര്‍മ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

പ്രവാചകനെ നിന്ദിച്ച സംഭവത്തില്‍ തനിക്കെതിരെയുള്ള ഒമ്ബത് എഫ്‌.ഐ.ആറുകളും ഒരുമിച്ച്‌ ചേര്‍ക്കണമെന്നായിരുന്നു നൂപുറിന്റെ ആവശ്യം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നൂപുറിനെ അറസ്റ്റ് ചെയ്യുന്നത് ആഗസ്റ്റ് 10 വ​രെ കോടതി വിലക്കി. വിഷയത്തില്‍ അഭിപ്രായമാരാഞ്ഞ് ​കേന്ദ്ര സര്‍ക്കാറിനും നൂപുറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ക്കും കോടതി നോട്ടീസ് അയച്ചു.

എല്ലാ കേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റുന്നതാണോ നുപുറിന് താല്‍പര്യം എന്ന് സുപ്രീംകോടതി ആരാഞ്ഞു. നിലവിലുള്ള എഫ്‌.ഐ.ആറുകളിലോ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് പുതുതായി അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തേക്കാവുന്ന ഏതെങ്കിലും എഫ്‌.ഐ.ആറിലോ നൂപുറിനെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. നേരത്തെ ഇവരുടെ ഹര്‍ജി പരിഗണിച്ച അതേ ബെഞ്ചാണ് ഇത്തവണയും കേസ് പരിഗണിച്ചത്. ആഗസ്റ്റ് 10 ന് വീണ്ടും പരിഗണിക്കും

Facebook Comments Box