National News

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നു

Keralanewz.com

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നു. തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട നല്‍കാതെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റെയ്‌സിന കുന്നിനോട് കോവിന്ദ് വിടപറയുന്നത്.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം നിന്നപ്പോഴും രാജ്യത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന അതിക്രമങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരുന്നു.

കെ ആര്‍ നാരായണന് ശേഷം രാഷ്ട്രപതി സ്ഥാനത്തെത്തിയ ദളിത് വിഭാഗത്തിലെ രണ്ടാമത്തെ വ്യക്തിയായിരുന്നു രാം നാഥ് കോവിന്ദ്. പദവികള്‍ പലത് വഹിച്ചിരുന്നെങ്കിലും രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ പരിചിതനായിരുന്നില്ല രാംനാഥ് കൊവിന്ദ്. എന്നാൽ ഇദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചത് വഴി രാഷ്ട്രീയ പരീക്ഷണത്തിന്‍റെ മറ്റൊരു ഉദാഹരണം കൂടിയാണ് ബിജെപി പുറത്തെടുത്തത്.

ഭരണഘടനാ പദവിയില്‍ ഒതുങ്ങിയ അഞ്ച് വര്‍ഷമായിരുന്നു രാംനാഥ് കൊവിന്ദിന്‍റേത്. ഭൂരിപക്ഷ പിന്തുണയില്‍ സര്‍ക്കാര്‍ പാസാക്കിയെടുത്ത ബില്ലുകളിൽ എല്ലാം അദ്ദേഹം ഒപ്പുവച്ചു.

ഏറെ പ്രതിഷേധമുയര്‍ന്ന കാര്‍ഷിക നിയമങ്ങള്‍, ജമ്മുകാശ്മീര്‍ പുനസംഘടന തുടങ്ങിയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെല്ലാം ഒപ്പം രാം നാഥ് കൊവിന്ദ് നിന്നു. ബില്ലുകളില്‍ ഒപ്പുവയ്കാതെ പലപ്പോഴും മടക്കിയിരുന്ന മുന്‍ഗാമികളില്‍ നിന്ന് അദ്ദേഹം വ്യത്യസ്തനായിരുന്നു.

സര്‍ക്കാരിനെ പിണക്കാതെ ചില ഘട്ടങ്ങളില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുകയും ചെയ്തു. ആരുടെയും അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും, എല്ലാവരും ബഹുമാനിക്കപ്പടേണ്ടവരാണെന്നും ദളിതുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളോട് രാംനാഥ് കൊവിന്ദ് പ്രതികരിച്ചു. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ് തേടിയുള്ള ദയാഹര്‍ജി ഒന്നിന് പിന്നാലെ ഒന്നായി എത്തിയപ്പോഴും ശിക്ഷ വിധിച്ച നീതിപീഠത്തിന്‍റെ നിലപാടിനൊപ്പം അദ്ദേഹം നിന്നു.

പ്രതിപക്ഷത്തിന് പറയാനുള്ളതും ക്ഷമയോടെ രാം നാഥ് കോവിന്ദ് കേട്ടു. സംഘപരിവാര്‍ പശ്ചാത്തലമുള്ള രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷം മതനിരപേക്ഷ നിലപാടാണ് ഉയര്‍ത്തിപിടിച്ചത്

Facebook Comments Box