Kerala News

സംസ്ഥാനത്ത് പറന്ന് നടന്ന കള്ളന്‍ ഒടുവില്‍ കുടുങ്ങി; പിടിയിലായത് നൂറിലധികം കേസുകളിലെ പ്രതി

Keralanewz.com

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ പൊലീസിന് തലവേദനയായി മാറിയ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷ്ടിച്ച മോട്ടോര്‍ സൈക്കിളില്‍ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതിയാണ് പിടിയിലായത്.

ഫറോക്ക് സ്വദേശി സലാം (42) നെയാണ് കോഴിക്കോട് പോലീസ് സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് (കാവല്‍) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്ത് നൂറിലധികം കേസുകളുണ്ട്. സ്വര്‍ണം പൊട്ടിച്ച്‌ മോഷ്ടിച്ച കേസുകളും വാഹന മോഷണ കേസുകളുമാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഫറോക്ക് സ്വദേശിയാണ് പിടിയിലായ മോഷ്ടാവ് സലാം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അടുത്തിടെ ഉണ്ടായ മാല പൊട്ടിക്കല്‍ കേസുകളുടെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് സേനയിലെ കാവല്‍ ഗ്രൂപ്പായിരുന്നു അന്വേഷണത്തിന് പിന്നില്‍. ഇവര്‍ മോഷണം നടന്ന സ്ഥലങ്ങളിലെ 150 ലധികം സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. എല്ലായിടത്തും സലാമിന്‍റെ സാന്നിധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

മലപ്പുറത്ത് കോട്ടയ്ക്കല്‍, മലാപറമ്ബ് എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണ മാലയും ടോറസ് അടക്കമുള്ള വാഹനങ്ങളും കോയമ്ബത്തൂരില്‍ എത്തിച്ച്‌ സലാം വില്‍പ്പന നടത്തി. ഇതിന് ശേഷം കോയമ്ബത്തൂരില്‍ നിന്ന് തിരികെ വരുമ്ബോഴാണ് പ്രതി പിടിയിലാകുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍ നിന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മാല പൊട്ടിക്കല്‍, വാഹന മോഷണ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസിന് ബോധ്യമായി.

ഓരോ കുറ്റകൃത്യം ചെയ്ത ശേഷവും ജില്ലകള്‍ വിട്ട് സലാം യാത്ര ചെയ്യുമായിരുന്നു. താമസ സ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറുന്നതും പതിവായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന് വെല്ലുവിളിയായിരുന്നു. മോഷണ മുതലുകള്‍ സംസ്ഥാനത്തിന് പുറത്ത് വില്‍ക്കാന്‍ സലാമിനെ സഹായിച്ചത് ആരൊക്കെയെന്നും പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. ഇവരും ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു

Facebook Comments Box