ഹോട്ടല്‍ മുറിയെടുത്ത് ലഹരിക്കടത്തിന് പിടിയിലായത് യുവതി അടക്കം അഞ്ചു പേര്‍; തെക്കന്‍ കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ലഹരി വേട്ടയെന്ന് പോലീസ്; മുറിയില്‍ നിന്ന് കണ്ടെടുത്തവയില്‍ 154 ഗ്രാം മാരക മയക്കുമരുന്നും നിരോധിത ലൈംഗീക ഉപകരണങ്ങളും

Keralanewz.com

പത്തനംതിട്ട: ഹോട്ടലില്‍ മുറിയെടുത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിയ യുവതി അടക്കം അഞ്ചംഗ സംഘം പിടിയിലായി അടൂര്‍ പറക്കോട് സ്വദേശി മോനായി എന്ന രാഹുല്‍ , കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍ പെരിങ്ങനാട് ആര്യന്‍ , പന്തളം കുടശനാട് വിധു കൃഷ്ണന്‍, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ (20) എന്നിവരാണ് പിടിയിലായത്.

മുറിയില്‍ നിന്ന് ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍ നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ 154 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. തെക്കന്‍ കേരളത്തില്‍ ഇതു വരെ നടന്നതില്‍ വച്ച്‌ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.

വലിയ അളവില്‍ എംഡിഎംഎ കൊണ്ടുവരുന്നത് പിടിക്കപ്പെട്ടാല്‍ കടുത്തശിക്ഷ ലഭിക്കുമെന്നതിനാല്‍ പത്തു ഗ്രാം വീതം പലയിടങ്ങളില്‍ നിന്നും ഹോട്ടല്‍ മുറിയിലെത്തിച്ച്‌ വില്‍പ്പന നടത്താനാണ് സംഘം ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കിയാല്‍ പിടികൂടപ്പെട്ടാലും ജാമ്യം കിട്ടുമെന്നതാണ് ലഹരി വില്‍പ്പന സംഘങ്ങള്‍ ഈ രീതി സ്വീകരിക്കാന്‍ കാരണം. വെള്ളിയാഴ്ച വൈകിട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഇവിടെ മുറിയെടുത്തത്. ഇവിടേക്ക് പുറമേ നിന്ന് ചിലരും എത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച സൂചന. മയക്കു മരുന്ന് കടത്തുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പ്രതികള്‍ പറയുന്നു. നിരോധിത ലൈംഗീക കളിപ്പാട്ടങ്ങളുടെ വില്‍പ്പനയും സംഘം നടത്തിയിരുന്നതായി സൂചനയുണ്ട്

Facebook Comments Box