Kerala News

കോട്ടയം മെഡിക്കൽ കോളേജിൽ ലേസർ സർജറി മെഷീന് 20 ലക്ഷം അനുവദിച്ചു : തോമസ് ചാഴികാടൻ എം.പി

Keralanewz.com

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാസ്കുലാർ സർജറി വിഭാഗത്തിൽ ലേസർ സർജറി മെഷീൻ സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. എംപിയുടെ അഭ്യർത്ഥനപ്രകാരം സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ CSR ഫണ്ടിൽ നിന്നും കോർപ്പറേഷൻ ചെയർമാന്റെ ചുമതലഹിക്കുന്ന ഡയറക്ടർ കെ.വി പ്രദീപ് കുമാറാണ് തുക അനുവദിച്ചത്. തുക ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ ഉടനെ നിക്ഷേപിക്കും.

കോട്ടയം മെഡിക്കൽ കോളേജിൽ നൂറുകണക്കിന് രോഗികൾ വെരിക്കോസ് വെയിൻ ചികിത്സയ്ക്കായി എത്തുന്നുണ്ട്. സാധാരണ ശസ്ത്രക്രിയയ്ക്ക് വിധേയരായാൽ മാസങ്ങളോളം വിശ്രമം ആവശ്യമായി വരും ലേസർ ശസ്ത്രക്രിയ ചെയ്താൽ ഉടൻതന്നെ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് പോകാൻ കഴിയും. സ്വകാര്യ ആശുപത്രികളിൽ ലേസർ ചികിത്സ ചിലവേറിയതാണ്. മെഡിക്കൽ കോളേജിൽ വരുന്ന സാധാരണക്കാരായ രോഗികൾക്ക് ഏറ്റവും നൂതനമായ ലേസർ ശസ്ത്രക്രിയാ മെഷീൻ വഴി സൗജന്യ ചികിത്സ ലഭ്യമാകും

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വാസ്കുലാർ സർജൻ ഡോക്ടർ ബിന്നി ജോൺ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വഴി തോമസ് ചാഴികാടൻ എം.പിക്ക് കത്ത് നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ എംപി സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി.പ്രദീപ് കുമാറിന് CSR ഫണ്ട് അനുവദിക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുകയായിരുന്നു.

Facebook Comments Box