Thu. May 2nd, 2024

അമിത പലിശയിലും ലാഭത്തിലും വീണ പോലീസുകാര്‍ക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടി: പണവുമായി മുങ്ങിയ മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍

By admin Aug 7, 2022 #news
Keralanewz.com

ചെറുതോണി: വന്‍ പലിശയും ലാഭവും വാഗ്ദാനം ചെയ്ത് പോലീസുകാരെ കബളിപ്പിച്ച്‌ ഒന്നരക്കോടിയുമായി മുങ്ങിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ തട്ടിപ്പുവീരനെ തമിഴ്നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷായാണ് അറസ്റ്റിലായത്.

ഒന്നരക്കോടിയുടെ കണക്കാണ് പരാതിപ്രകാരം പുറത്തുവരുന്നത്. എന്നാല്‍ 6 കോടിയിലധികം രൂപ ഇയാള്‍ തട്ടിച്ചതായാണ് പറയപ്പെടുന്നത്. ഡിപ്പാര്‍ട്ട്മെന്റ് നടപടി ഭയന്ന് പണം നല്‍കിയവരില്‍ ഏറിയപങ്കും പരാതി നല്‍കിയില്ല. 2017 – 18 കാലഘട്ടത്തില്‍ പോലീസുകാരായ സഹപ്രവര്‍ത്തകരെക്കൊണ്ട് വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

പലരില്‍ നിന്നും 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ ഇയാള്‍ വാങ്ങി. അടയ്ക്കാനുള്ള പ്രതിമാസ തവണയും ലാഭമായി 15000 മുതല്‍ 25000 വരെയും വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം വാങ്ങിയത്. ആദ്യ 6 മാസം ഇത്തരത്തില്‍ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നല്കുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നല്‍കാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഇതോടെ കൂടുതല്‍ പോലീസുകാര്‍ പണം നല്‍കി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇയാള്‍ മുങ്ങുകയായിരുന്നു.

പണം തിരികെ കിട്ടാഞ്ഞതോടെ ചിലര്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തി ഇയാളെ 2019 ല്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. 2022 ല്‍ ഇടുക്കി ഡി.സി.ആര്‍.ബി. അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ ഇടുക്കി ഡിവൈ.എസ്.പി: ജയ്സണ്‍ മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം അമീര്‍ ഷായെ തമിഴ്നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ കോടതിയില്‍ ഹാജരാക്കി. ഇടുക്കി ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്.ഐമാരായ മനോജ്, സാഗര്‍, എസ്.സി.പി.ഒമാരായ സുരേഷ്, ബിജുമോന്‍ സി.പി.ഒമാരായ ഷിനോജ്, ജിജോ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി

Facebook Comments Box

By admin

Related Post