മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി.കെ. കുഞ്ഞനന്തൻ നായർ (ബർലിൻ കുഞ്ഞനന്തൻ നായർ-96) അന്തരിച്ചു
കണ്ണൂർ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി.കെ. കുഞ്ഞനന്തൻ നായർ (ബർലിൻ കുഞ്ഞനന്തൻ നായർ-96) അന്തരിച്ചു. കണ്ണൂരിലെ നാറാത്തെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇഎംഎസിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ. സ്കൂളിൽ പഠിക്കുന്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു. പി.കൃഷ്ണപിള്ളയാണ് ബർലിന്റെ രാഷ്ട്രീയ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന് തുടക്കമായത്.
1943ൽ ബോംബെയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുത്ത പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്.1943ൽ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരിൽ ജപ്പാനെതിരേ പ്രചാരണം നടത്തി.
1945- 46 കാലഘട്ടത്തിൽ ബോംബയിൽ രഹസ്യ പാർട്ടി പ്രവർത്തനം നടത്തി. 1948 ൽ കോൽക്കത്തയിലും 1953 മുതൽ 58 വരെ ഡൽഹിയിലും പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലും പ്രവർത്തിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു. 1957 ൽ ഇഎംഎസ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ആയപ്പോൾ പ്രൈവറ്റ് സെക്രട്ടറി ആയത്. 1958 ൽ റഷ്യയിൽ പോയി പാർട്ടി സ്കൂളിൽ നിന്ന് മാർക്സിസം ലെനിനിസത്തിലും രാഷ്ട്രീയ മീമാംസയിലും ബിരുദമെടുത്തു.
1959ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോണ്‍ഗ്രസിൽ പങ്കെടുത്തു. 1965ൽ ബ്ലിറ്റ്സ് ലേഖകനായി. ന്യൂ ഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം പത്രങ്ങളിൽ എഴുതി. ബർലിനിൽ നിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയതോടെ ബർലിൻ കുഞ്ഞനന്തൻ നായരായി. 2005ൽ പാർട്ടിയിൽനിന്നും അദ്ദേഹത്തെ പുറത്താക്കി. പിന്നീട് 2015ൽ പാർട്ടിയിൽ തിരിച്ചെടുത്തു.
കണ്ണൂർ കോളങ്കടയിൽ പുതിയ വീട്ടിൽ അനന്തൻ നായർ-ശ്രീദേവി അമ്മ ദന്പതികളുടെ മകനായി 1926 നവംബർ 26നായിരുന്നു കുഞ്ഞനന്തൻ നായരുടെ ജനനം