Kerala News

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്

Keralanewz.com

കോട്ടയം : കുറ്റാന്വേഷണ മികവിനുള്ള പുരസ്കാരം നേടി  കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്ക്. എറണാകുളം റൂറല്‍ എസ്.പിയായിരിക്കെ നടത്തിയ മികച്ച അന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌ക്കാരം. കേരളത്തെ പിടിച്ചുലച്ച മാനസ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാര്‍ത്തിക്ക് . കോതമംഗലം ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ മാനസയെ സുഹൃത്തായ രാഖില്‍ വെടി വച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു

 ഈ കേസില്‍ ശാസ്ത്രീയ അന്വേഷണം നടത്തി സംഭവുമായി ബന്ധപ്പെട്ട് സഹായിച്ചവരേയും, തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശികളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സമയബന്ധിതമായി കുറ്റപത്രവും സമര്‍പ്പിച്ചു. പൊതു സമൂഹം ഉറ്റ് നോക്കിയ കേസായിരുന്നു ഇത്. 2011 ബാച്ച് ഐ .പി.എസ് ഉദ്യോഗസ്ഥനായ കാര്‍ത്തിക്ക് വിജിലന്‍സ് എസ്.പി ആയിരിക്കുമ്പോഴാണ് പാലാരിവട്ട മേല്‍പ്പാലം കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണ കേസിന്‍റെ അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. കലഭവന്‍ മണിയുടെ മരണത്തിന്‍റെ അന്വേഷണവും കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലായിരുന്നു. നിരന്തര കുറ്റവാളികളെ ജയിലിലടക്കാന്‍ അദ്ദേഹം ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി

കൊവിഡ് കാലത്ത് നടപ്പിലാക്കായ കിച്ചന്‍ ഗാര്‍ഡ് ചലഞ്ച്, തൗസന്‍റ് ഐസ് , രക്ത ദാനം, സേഫ് പബ്ലിക് സേഫ് പൊലീസ്, ശുഭയാത്ര, നിങ്ങള്‍ക്കരികെ, കാടിന്‍റെ മക്കള്‍ക്ക് കൈത്താങ്ങ് , കരുതലിന്‍റെ ഭക്ഷണപ്പൊതി , തുടങ്ങി നിരവധി ജനകീയ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. കാര്‍ത്തിക്ക് രൂപകല്‍പന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ദേശിയ തലത്തില്‍ ശ്രദ്ധ നേടി.

മികച്ച അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായി ചാര്‍ജെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ ജില്ലയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചുവരുന്നത് . കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് പൊലീസുകാരിൽ ഒരാളാണ് കെ കാർത്തിക്

Facebook Comments Box