സംസ്ഥാനത്ത് ഡെങ്കിപ്പനി,എലിപ്പനി വ്യാപനത്തിന് സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ പ്രവര്‍ത്തിച്ച് തുടങ്ങണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
പകര്‍ച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് . ഡെങ്കിപ്പനി കൂടുതല്‍ തിരുവനന്തപുരം ജില്ലയിലും എലിപ്പനി കൂടുതല്‍ എറണാകുളം ജില്ലയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി .
കോവിഡിനോടൊപ്പം നോണ്‍ കോവിഡ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മലേറിയ,മന്ത് തുടങ്ങിയ രോഗങ്ങളുടെ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും .
മലിനജലവുമായി സമ്ബര്‍ക്കമുള്ളവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. മണ്ണുമായി സമ്ബര്‍ക്കത്തില്‍ വരുന്നവരിലും എലിപ്പനി കണ്ടുവരുന്നതിനാല്‍ ഇവരും ശ്രദ്ധിക്കണം. വരുന്ന 5 മാസം പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു