Mon. Apr 29th, 2024

അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ തട്ടിപ്പുവീരന്‍ പിടിയില്‍

By admin Aug 12, 2022 #news
Keralanewz.com

മലപ്പുറം: സോഷ്യല്‍ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിച്ച്‌ പണം തട്ടിയ തട്ടിപ്പുവീരന്‍ പിടിയില്‍.

കണ്ണൂര്‍ തലശ്ശേരി പാനൂര്‍ പൂക്കം സ്വദേശി അല്‍ അക്‌സ മുണ്ടോളത്തില്‍ വീട്ടില്‍ നൗഫല്‍ എന്ന നൗഫല്‍ ഹമീദ് (48) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. അണ്‍ എയ്ഡഡ് മേഖലയില്‍ വിവിധ പേരുകളില്‍ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കാണ് ഇയാള്‍ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്. ഇല്ലാത്ത ഒഴിവിലേക്ക് ആളെ എടുക്കുമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒഴിഞ്ഞ കെട്ടിടങ്ങള്‍ വാടകക്കെടുക്കാന്‍ ധാരണയുണ്ടാക്കി, അവിടെ സ്‌കൂള്‍ സംബന്ധിയായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സോഷ്യല്‍ മീഡിയയില്‍ അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കുന്നത്. കൂടുതലായും വനിതകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. വഴിക്കടവ് പുന്നക്കല്‍ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ അധ്യാപികയില്‍ നിന്നും നൌഫല്‍ 35000 രൂപ തട്ടിയെടുത്തിരുന്നു. ചതി മനസിലാക്കിയ അധ്യാപിക പൊലീസില്‍ പരാതി നല്‍കിയതോടെയാമ് കുരുക്ക് വീണത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസിന് ഇയാളുടെ തട്ടിപ്പ് മനസിലായി. തുടര്‍ന്ന് നൌഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് 50,000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കാരക്കോട് സ്വദേശിനിയായ യുവതിയും 35000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കമ്ബളക്കല്ല് സ്വദേശിനിയായ യുവതിയും പരാതിയുമായി സ്റ്റേഷനില്‍ എത്തി. ഇവരുടെ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തട്ടിപ്പിനിരയായ ആളുകള്‍ പോലീസുമായി ബന്ധപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ഉന്നയിക്കപ്പെടും എന്നതാണ് വഴിക്കടവ് പൊലീസ് പ്രതീക്ഷിക്കുന്നത്.

പ്രതി വഴിക്കടവ് പുന്നക്കലിലും മമ്ബാട് പന്തലിങ്ങലും ഒലിവ് പബ്ലിക് സ്‌കൂള്‍, കമ്ബളക്കല്ലില്‍ ടാലന്റ് പബ്ലിക് സ്‌കൂള്‍, മമ്ബാട് ഠാണയില്‍ മോഡേണ്‍ പബ്ലിക് സ്‌കൂള്‍, അമരമ്ബലം കൂറ്റമ്ബാറയില്‍ അല്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍, വണ്ടൂര്‍ ഏറിയാട് സഹ്‌റ പബ്ലിക് സ്‌കൂള്‍, തിരൂരങ്ങാടിയില്‍ ഫജര്‍ പബ്ലിക് സ്‌കൂള്‍, മോങ്ങത്ത് ഇസ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ടിയാന്‍ സ്‌കൂളുകള്‍ ആരംഭിച്ച്‌ ആളുകളില്‍ നിന്ന് പണം തട്ടിപ്പു നടത്തിയിട്ടുള്ളത്. 35000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നൌഫല്‍ വിവിധയാളുകളില്‍ നിന്ന് പണം കൈപ്പറ്റിയതായി വിവരം കിട്ടിയിട്ടുണ്ട്.

സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത ശേഷം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകരെത്തന്നെ ഏല്പിക്കുകയും ഫീസ് വാങ്ങി സ്വയം ശമ്ബളം എടുത്തോളാന്‍ പറയുകയുമാണ് ഇയാളുടെ രീതി. ഇരുപതില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇയാളുടെ മിക്ക സ്‌കൂളിലും ചേര്‍ന്നിട്ടുള്ളത്. ഇത്തരം തട്ടിപ്പിനിരയായ ആളുകള്‍ ഉടനെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും, പരാതിക്കാരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

വഴിക്കടവ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍, എസ് ഐ അജയകുമാര്‍ ടി, എ എസ്‌ഐ മനോജ് കെ, എസ് സി.പി ഒ ഷീബ പി സി, സി പി ഒമാരായ അഭിലാഷ് കൈപ്പിനി, നിബിന്‍ ദാസ് ടി, ജിയോ ജേക്കബ്, സി എം റിയാസലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്. പ്രതിയെ നാളെ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ടേറ്റ് കോടതി മുമ്ബാകെ ഹാജരാക്കും

Facebook Comments Box

By admin

Related Post