Kerala News

താന്ത്രികാചാര്യന്‍ ബ്രഹ്മശ്രീ കുമാരന്‍ തന്ത്രികള്‍ വിടവാങ്ങി

Keralanewz.com

ചെറുതോണി: ശ്രീകോവിലുകളിലും യജ്ഞവേദികളിലും മുഴങ്ങിക്കേട്ടിരുന്ന ശബ്ദത്തിനുടമ ഇടുക്കി കാമാക്ഷി പാറക്കടവ് അന്നപൂര്‍ണേശ്വരി ഗുരുകുലാചാര്യന്‍ ബ്രഹ്മശ്രീ കുമാരന്‍ തന്ത്രികള്‍ (86 ) ദേഹവിയോഗം ചെയ്തു.

ഞായറാഴ്ച രാവിലെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളത്തിലെ താന്ത്രിക ഗുരുകുലങ്ങളും വൈദിക ശ്രേഷ്ഠരും ഏറെ ആദരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പൊതു സമൂഹത്തിനും ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണ് തന്ത്രികളുടെ വേര്‍പാട്.

ജീവിത വഴികളിലൂടെ കൊല്ലവര്‍ഷം 1112 (1937) മേടമാസത്തിലെ ഉത്രാടം നക്ഷത്രത്തില്‍ കോട്ടയം ജില്ലയിലെ ളാക്കാട്ടൂര്‍ കാച്ചനോലിക്കല്‍ കുടുംബത്തില്‍ ജനിച്ചു. കേളന്‍ കുട്ടിയമ്മ ദമ്ബതികളുടെ 4-ാമത്തെ മകനാണ്. സ്കൂള്‍ പഠനത്തിന് ശേഷം അമയന്നൂര്‍ രാമന്‍ ശാന്തികള്‍ക്ക് ശിഷ്യപ്പെട്ട് വൈദിക പഠനത്തിലേക്ക് തിരിഞ്ഞു. പിന്നീട് കോത്തല സൂര്യനാരായണ ദീക്ഷിതരുടെ കീഴില്‍ സംസ്കൃതത്തിലും വൈദികത്തിലും ഉപരിപഠനം നടത്തി. 1955- 57 കാലഘട്ടത്തില്‍ വൈദിക ,താന്ത്രിക വൃത്തികള്‍ക്കൊപ്പം ശ്രീ നാരായണ ധര്‍മം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൈറേഞ്ചിലെത്തി. കട്ടപ്പനയ്ക്കടുത്ത് കൊച്ചു തോവാളയും പിന്നീട് കാമാക്ഷിയും കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തി.

ശ്രീ നാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.ക്ഷേത്ര പ്രതിഷ്ഠകള്‍ ഇത്രയേറെ നടത്തിയ മറ്റൊരാചാര്യനും ജില്ലയില്‍ ഇല്ല. കാമാക്ഷി കേന്ദ്രീകരിച്ച്‌ അന്നപൂര്‍ണേശ്വരീ ഗുരുകുലം സ്ഥാപിച്ച്‌ നിരവധി വൈദിക വിദ്യാര്‍ഥികള്‍ക്ക് ഗുരുവായി . ഗുരുദേവധര്‍മത്തെ അധികരിച്ച്‌ അദ്ദേഹം നല്കിയ വൈദിക പരിശീലനം ശ്ലാഘനീയമായിരുന്നു. ഇതിന്റെ ഫലമായി ജില്ലയിലെമ്ബാടും ഗുരുദേവന്‍ വിഭാവനം ചെയ്ത മാതൃകയില്‍ വൈദിക ശ്രഷ്ഠരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു .

കാമാക്ഷി അന്നപൂര്‍ണേശ്വരീ ദേവി ക്ഷേത്രത്തോട് അനുബന്ധിച്ച്‌ തന്ത്രികള്‍ സ്ഥാപിച്ച ഗുരുകുലം വേദപഠനത്തിന്റെ കെടാവിളക്കായി ഇന്നും നിരവധി ശിഷ്യന്മാരിലൂടെ തുടരുന്നു.നൂറില്‍പരം ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനം വഹിച്ചു വരികയായിരുന്നു. പ്രഭാഷകന്‍, വൈദിക അധ്യാപകന്‍ ,സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ശ്രീനാരായണ ധര്‍മ പ്രചാരകന്‍, പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തന്ത്രികളുടെ ദേഹവിയോഗം സംഘടനക്ക് കനത്ത നഷ്ടമാണെന്ന് മലനാട് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകം എന്നിവര്‍ പറഞ്ഞു. ഭാര്യ: വാതല്ലൂര്‍ ലക്ഷ്മിക്കുട്ടി . സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 02:00 ന്‌അന്നപൂര്‍ണേശ്വരീ ഗുരുകുലാങ്കണത്തില്‍

Facebook Comments Box