Mon. May 6th, 2024

കോട്ടയം ജില്ലയിൽ അഞ്ച് ‘വിമുക്തി’ മാതൃകാ പഞ്ചായത്തുകൾ

By admin Aug 23, 2022 #news
Keralanewz.com

കോട്ടയം: ‘വിമുക്തി’ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മാതൃകാ പഞ്ചായത്തുകളാക്കാൻ തലയോലപ്പറമ്പ്, പനച്ചിക്കാട്, ഉഴവൂർ, ചിറക്കടവ്, തൃക്കൊടിത്താനം പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ നടന്ന അനധികൃത മദ്യനിർമാണവും വിതരണവും തടയാനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതിയോഗത്തിന്റേതാണ് തീരുമാനം.

മാതൃകാപരമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായാണ് വിവിധ താലൂക്കുകളിലായി അഞ്ചു പഞ്ചായത്തുകളെ തെരഞ്ഞെടുത്തത്. പായിപ്പാട് പഞ്ചായത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധനൽകാനും യോഗം തീരുമാനിച്ചു

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ‘വിമുക്തി’ വാർഡുതല ജാഗ്രത സമിതികളുടെയും സ്‌കൂൾ, കോളജ് വിമുക്തി ക്ലബുകളുടെയും പ്രവർത്തനം സജീവമാക്കും. ജില്ലയിൽ 491 സ്‌കൂളുകളിലും 51 കോളജുകളിലും വിമുക്തി ക്ലബുകളുണ്ട്. 71 പഞ്ചായത്തുകളിലായി 1140 വാർഡുകളിലാണ് വിമുക്തി സമിതികൾ രൂപീകരിച്ചിട്ടുള്ളത്. എല്ലാ സ്‌കൂളുകളിലെയും സ്‌കൂൾ സംരക്ഷണ ഗ്രൂപ്പുകളുടെ യോഗം സെപ്റ്റംബർ 15 മുതൽ ചേരും.

ലഹരിവിരുദ്ധ ബോധവൽക്കരണം, അനധികൃത മദ്യവിൽപ്പന-നിർമാണം തടയൽ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിൽ എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പഞ്ചായത്തുതല സമിതിയിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ആവശ്യപ്പെട്ടു. വാർഡ്തല ജാഗ്രതാസമിതികൾ കാര്യക്ഷമമാക്കണമെന്നും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തിപ്പെടുത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ പ്രതിനിധി സിബി ജോൺ ആവശ്യപ്പെട്ടു.

ഈ വർഷം ഓഗസ്റ്റ് 15 വരെ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ 724 ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം. എൻ. ശിവപ്രസാദ് പറഞ്ഞു. 27 കോളജുകളിൽ ഹോസ്റ്റൽ വിദ്യാർഥികൾക്കായി ശ്രദ്ധ പദ്ധതിയും നടപ്പാക്കി. പാലാ ജനറൽ ആശുപത്രിയിലെ ഡീ അഡിക്ഷൻ കേന്ദ്രത്തിലൂടെ 1822 പേർക്ക് ലഹരിവിമുക്ത ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ 12 വരെ ജില്ലാ-താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌െൈസസ് കൺട്രോൾ റൂമുകൾ ആരംഭിക്കും. പരിശോധനകൾ ശക്തമാക്കും.

നഗരസഭാധ്യക്ഷരായ ബിൻസി സെബാസ്റ്റിയൻ, രാധിക ശ്യാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, എക്‌സൈസ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം.എൻ. ശിവപ്രസാദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, വിമുക്തി ജില്ലാ മാനേജർ സോജൻ സെബാസ്റ്റിയൻ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സി. രാജീവ് കുമാർ, എം.കെ. പ്രഭാകരൻ, ഫറൂഖ് പാലപ്പറമ്പിൽ, കുര്യൻ പി. കുര്യൻ, ഡോ. ബെഞ്ചമിൻ ജോർജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Facebook Comments Box

By admin

Related Post