National News

ആണ്‍കുഞ്ഞിനു വേണ്ടി പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചു; വീട്ടുകാര്‍ക്കെതിരെ കേസ്

Keralanewz.com

പുനെ: ആണ്‍കുഞ്ഞ് ജനിക്കുന്നതിനായി യുവതിയെ പരസ്യമായി നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച്‌ ഭര്‍തൃ വീട്ടുകാര്‍.

മന്ത്രവാദി പറഞ്ഞതു പ്രകാരമുള്ള ആചാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര പുനെ സ്വദേശിയെ ഭര്‍ത്താവും വീട്ടുകാരും പൊതുജനമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃ മാതാപിതാക്കള്‍ക്കും മൗലാനാ ബാബ ജമാദര്‍ എന്ന മന്ത്രവാദിക്കും എതിരെ പുനെ ഭാരതി വിദ്യാപീഠ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിരോധന നിയമപ്രകാരമടക്കം വിവിധ വകുപ്പുകള്‍ പ്രകാരമാണ് നാലുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‍പെക്ടര്‍ ജഗന്നാഥ് കലാസ്കര്‍ പറഞ്ഞു.

2013 മുതല്‍ തന്നെ ഭര്‍തൃ മാതാപിതാക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടും ആണ്‍കുഞ്ഞ് ജനിക്കാത്തതിലും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് പരാതിയിലുണ്ട്. ആണ്‍കുഞ്ഞിനുവേണ്ടി പല ദുര്‍മന്ത്രവാദങ്ങള്‍ക്കും ഇവര്‍ നിരവധി തവണ ഇരയായിട്ടുണ്ടെന്നും പൊലീസ് ഓഫീസര്‍ പറഞ്ഞു.

വെള്ളച്ചാട്ടത്തില്‍ പരസ്യമായി നഗ്നയായി കുളിച്ചാല്‍ യുവതിക്ക് ആണ്‍കുഞ്ഞ് ജനിക്കുമെന്ന് മന്ത്രവാദി ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ റായ്ഗഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോയി പൊതുജനമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ഇതുകൂടാതെ യുവതിയുടെ സ്വത്തുവകള്‍ ഇൗടുവെച്ച്‌ 75 ലക്ഷം രൂപ ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വായ്പ എടുത്തിട്ടുണ്ടെന്നും ഇതിനായി ഭര്‍ത്താവ് യുവതിയുടെ വ്യാജ ഒപ്പിട്ടുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Facebook Comments Box