Kerala News

മേയറെ സ്വന്തമാക്കി എംഎൽഎ ; ഇരുവരും രക്തഹാരം അണിയിച്ചതിന് പിന്നാലെ ഷേക്ക് ഹാൻഡ്

Keralanewz.com

തിരുവനന്തപുരം: ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും വിവാഹിതരായി. എകെജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായി നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍. സച്ചിനാകട്ടെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും.നിയമബിരുദധാരിയും കോഴിക്കോട് സ്വദേശിയുമായ സച്ചിന്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. 21-ാം വയസില്‍ മേയറായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമാണ്.

 മാര്‍ച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്.  ഫെബ്രുവരി മാസമാണ് ആര്യയും സച്ചിന്‍ ദേവും വിവാഹിതരാവാന്‍ തീരുമാനിച്ചതായി അറിയിച്ചത്. സംഘടന പ്രവര്‍ത്തനത്തിനിടയിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

 ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.വിവാഹത്തിന് ഉപഹാരങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു

Facebook Comments Box