ആം ആദ്മി പാര്‍ട്ടി എംഎല്‍എ അഴിമതി കേസില്‍ അറസ്റ്റില്‍

Keralanewz.com

ദില്ലി: അഴിമതി കേസില്‍ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അറസ്റ്റിലായി. രണ്ട് വര്‍ഷം മുമ്ബ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അമാനത്തുള്ള ഖാനെ ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

ദില്ലി വഖഫ് ബോര്‍ഡിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയ്ക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഖാനെ വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കെ അനധികൃതമായി 32 പേരെ ജോലിയില്‍ നിയമിച്ചെന്നാണ് കേസ്. അഴിമതിയും സ്വജനപക്ഷപാതവും ന‌ടത്തിയുള്ളതാണ് ഈ നിയമനങ്ങളെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ വാദിക്കുന്നു. ദില്ലി വഖഫ് ബോര്‍ഡ് സിഇഒ ഇതു സംബന്ധിച്ച്‌ മൊഴി നല്‍കിയിട്ടുണ്ടെന്നും ആന്റി കറപ്ഷന്‍ ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ അന്വേഷണസംഘത്തിന് നേരെ അമാനത്തുള്ള ഖാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആക്രമണമുണ്ടായെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം 24 ലക്ഷം രൂപയും ലൈസന്‍സില്ലാത്ത രണ്ട് തോക്കുകളും പിടിച്ചെടുത്തു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് ചെയ്യുന്ന നിരവധി ആം ആദ്മി എംഎല്‍എമാരില്‍ അവസാനത്തെയാളാണ് അമാനത്തുള്ള ഖാന്‍.

അതിനി‌ടെ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ മുന്‍ ബ്യൂറോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കെജ്രിവാള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശം നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച പരാതിയില്‍ ഇവര്‍ പറയുന്നത്. ഗുജറാത്തിലെ രാജ് കോട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരടക്കുള്ള പൊതു സേവകരോട് ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോയില്‍ ഇത് വ്യക്തമാകുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.

കെജ്രിവാള്‍ ഗുജറാത്തിലെ പൊതുസേകരെല്ലാം ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യണമെന്ന് പ്രേരിപ്പിക്കുകയും ആഹ്വാനം ചെയ്യുകയുമുണ്ടായി. പൊലീസുകാര്‍, ഹോം ഗാര്‍ഡുകള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍മാര്‍, പോളിംഗ് ബൂത്ത് ഓഫീസര്‍മാര്‍ എന്നിവരടക്കം എല്ലവാരും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ എഎപിയെ സഹായിക്കാന്‍ വേണ്ടി ജോലി ചെയ്യണം എന്നാണ് കെജ്രിവാള്‍ ആഹ്വാനം ചെയ്തത് എന്നും പരാതിയില്‍ പറയുന്നു

Facebook Comments Box