Kerala News

ധീരജ്‌ കുടുംബ സഹായനിധി, ഒരുകോടി 55 ലക്ഷം രൂപ 26 തിങ്കളാഴ്ച മുഖ്യമന്ത്രി കൈമാറും

Keralanewz.com

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജ് വിദ്യാര്‍ത്ഥി ധീരജിന്റെ കുടുംബസഹായ നിധി വരുന്ന തിങ്കളാഴ്ച, സെപ്റ്റംബര്‍ 26ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.

സി.പി.എം ഇടുക്കി ജില്ലാക്കമ്മിറ്റിയാണ് തുക സമാഹരിച്ചത്‌.

ധീരജിന്റെ സ്‌മരണക്കായി ഇടുക്കി ചെറുതോണിയില്‍ സ്ഥാപിക്കുന്ന സ്‌മാരക മന്ദിരത്തിന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്‌റ്റര്‍ തറക്കല്ലിടും. ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിലെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജിനെ ഇക്കഴിഞ്ഞ ജനുവരി 11നാണ്‌ പുറത്തു നിന്നെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചേര്‍ന്ന്‌ കുത്തിക്കൊലപ്പെടുത്തിയത്‌.

കണ്ണൂര്‍ തളിപ്പറമ്ബിലെ നിര്‍ധന കുടുംബത്തില്‍ നിന്നും ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജില്‍ പഠിക്കാനെത്തിയ ധീരജ് സ്‌കോളര്‍ഷിപ്പോടു കൂടിയാണ് പഠിച്ചത്‌. ധീരജിന്റെ മരണത്തോടെ പ്രതീക്ഷകളറ്റു പോയ കുടുംബത്തിന്‌ താങ്ങേകാന്‍ സി.പി.എം ഇടുക്കി ജില്ലാക്കമ്മിറ്റി സമാഹരിച്ച തുകയാണ്‌ ധീരജിന്റെ മാതാപിതാക്കള്‍ക്ക്‌ മുഖ്യമന്ത്രി കൈമാറുക.

ഒരുകോടി 55 ലക്ഷം രൂപയാണ്‌ സുമനസുകളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശേഖരിച്ചത്‌. ആക്രിസാമഗ്രികള്‍ ശേഖരിച്ച്‌ എട്ട്‌ ലക്ഷം രൂപയോളം എസ്‌.എഫ്‌.ഐ ജില്ലാക്കമ്മിറ്റി മാത്രം കണ്ടെത്തി.

ധീരജിന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി ചെറുതോണിയില്‍ സ്ഥാപിക്കുന്ന സ്‌മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍മാസ്‌റ്റര്‍ നിര്‍വഹിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറയുമായി മന്ദിരം പ്രവര്‍ത്തിക്കുമെന്ന്‌ നേതാക്കള്‍ അറിയിച്ചു.

ധീരജിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക്‌ സ്ഥലമില്ലാതിരുന്ന കുടുംബത്തിന്‌ സി.പി.എം കണ്ണൂര്‍ ജില്ലാക്കമ്മിറ്റി സ്വന്തമായി സ്ഥലം വാങ്ങി നല്‍കിയിരുന്നു

Facebook Comments Box