Tue. Apr 30th, 2024

മോണ്‍സണ്‍ പദ്ധതിയിട്ടിരുന്നത് 20,000 കോടി രൂപയുടെ വന്‍ ഹവാല ഇടപാട്;പുരാവസ്‌തു വില്‍പ്പനയുടെ മറവില്‍ മോന്‍സണ്‍ മാവുങ്കല്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌

By admin Oct 1, 2021 #news
Keralanewz.com

കൊച്ചി : പുരാവസ്‌തു വില്‍പ്പനയുടെ മറവില്‍ മോന്‍സണ്‍ മാവുങ്കല്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) വിലയിരുത്തല്‍. നാട്ടിലെ പ്രമുഖരുടെ കള്ളപ്പണം പുരാവസ്‌തുവാക്കിയാണു മോന്‍സണ്‍ വിദേശത്തേക്കു കടത്തിയിരുന്നത്‌. ഈ പണം ഗള്‍ഫ്‌ നാടുകളിലും മറ്റും ബിസിനസില്‍ മുതല്‍മുടക്കി.
വിദേശിക്കു വന്‍തുകയ്‌ക്കു പുരാവസ്‌തു നല്‍കിയെന്നു പറഞ്ഞ്‌ അവിടെനിന്നു നാട്ടിലേക്കു പണം അയപ്പിക്കുകയാണു ചെയ്‌തിരുന്നത്‌. പലരുടെയും അക്കൗണ്ടിലേക്കു വിദേശത്തുനിന്നു പണം വരുത്തുകയായിരുന്നെന്നും ഇ.ഡി. നിഗമനം. പുരാവസ്‌തുവിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഇടനിലക്കാരനായിരുന്നു മോണ്‍സണെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പുരാവസ്‌തു നല്‍കി കബളിപ്പിച്ചെന്ന പരാതിയില്ലാത്തതു കള്ളപ്പണം ഇടപാടായതിനാലാണ്‌.
20,000 കോടി രൂപയുടെ വന്‍ ഹവാല ഇടപാടാണു മോണ്‍സണ്‍ പദ്ധതിയിട്ടിരുന്നതെന്നും ഇ.ഡി. കരുതുന്നു. ഇക്കാര്യം വിശ്വസിപ്പിച്ചാണു നാട്ടിലെ ഇടപാടുകാരില്‍നിന്നു പണം വാങ്ങിയത്‌. വിദേശത്തു പുരാവസ്‌തു വിറ്റ വകയില്‍ 20,000 കോടി രൂപ കിട്ടാനുണ്ടെന്നും വിദേശനാണയ വിനിമയച്ചട്ടം മറികടക്കാന്‍ പണമാവശ്യമുണ്ടെന്നും പറഞ്ഞാണു ശ്രീവത്സം ഗ്രൂപ്പില്‍നിന്നു പണം വാങ്ങിയത്‌. ഒന്നരക്കോടി രൂപ മുടക്കി പള്ളിപ്പെരുന്നാള്‍ നടത്തിയതുപോലുള്ള ധൂര്‍ത്തിന്റെ മറവിലും കള്ളപ്പണം വെളുപ്പിച്ചു. എത്ര വിപുലമായി പെരുന്നാള്‍ നടത്തിയാലും ഇതിന്റെ നാലിലൊന്നു ചെലവുവരില്ലെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഡ്രൈവര്‍ ഉള്‍പ്പെടെ പലരുടെയും അക്കൗണ്ടിലേക്കു വിദേശപണം വരുത്തി. പുരാവസ്‌തുവിനു നിശ്‌ചിതവിലയില്ലാത്തതിനാല്‍ മോന്‍സണ്‍ പറയുന്നതായിരുന്നു വില. 1000 രൂപപോലുമില്ലാത്ത വ്യാജപുരാവസ്‌തുക്കള്‍ ലക്ഷങ്ങള്‍ക്കാണു വിറ്റത്‌. ഇങ്ങനെ ലഭിച്ച കള്ളപ്പണമാണു മോന്‍സണ്‍ വെളുപ്പിച്ചത്‌.
മോന്‍സന്റെ വീട്ടില്‍ക്കണ്ട മറ്റ്‌ രാഷ്‌ട്രീയനേതാക്കളുടെ പേര്‌ വെളിപ്പെടുത്താന്‍ പരാതിക്കാരനായ രാജീവ്‌ തയാറായിട്ടില്ല. 1.68 കോടി രൂപ കൊടുത്തിട്ടുണ്ടെന്നാണു മൊഴി. പണം മടക്കിനല്‍കാതെ ഒരുവര്‍ഷം പിന്നിട്ടതിനാലാണു പരാതിപ്പെട്ടതെന്നും രാജീവ്‌ പറയുന്നു. മറ്റ്‌ പരാതിക്കാരും ഇങ്ങനെ കബളിക്കപ്പെട്ടവരാണ്‌. ഉന്നതബന്ധങ്ങള്‍ പറഞ്ഞതിനാലും രേഖകള്‍ കാണിച്ച്‌ വിശ്വസിപ്പിച്ചതിനാലുമാണു പലരും പണം നല്‍കിയത്‌. എല്ലാ രാഷ്‌ട്രീയകക്ഷികളിലെയും നേതാക്കളെ മോന്‍സന്റെ വീട്ടില്‍ കണ്ടിരുന്നു.അവരുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ താത്‌പര്യപ്പെടുന്നില്ലെന്നും രാജീവ്‌ പറഞ്ഞു. രാജീവ്‌ ഉള്‍പ്പെടെയുള്ള പരാതിക്കാരില്‍നിന്ന്‌ ഇ.ഡി. മൊഴിയെടുക്കും.

റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌

അന്വേഷണം ബാങ്കിലെ വ്യാജരേഖകള്‍ കേന്ദ്രീകരിച്ച്‌
2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചു
വ്യാജരേഖ ഉപയോഗിച്ച്‌ ഇടപാടുകാരെ കബളിപ്പിച്ചു
വ്യാജരേഖ തയാറാക്കിയ കേന്ദ്രം കണ്ടെത്തണം
അന്വേഷണത്തോടു മോന്‍സണ്‍ സഹകരിക്കുന്നില്ല
പുരാവസ്‌തുക്കള്‍ വിറ്റ്‌ കബളിപ്പിച്ചതായി പരാതിയില്ല
ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന്‌ ഉപയോഗിച്ചു

Facebook Comments Box

By admin

Related Post