Kerala News

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്‍പ്പന ശാലകളില്ലെന്ന് ഹൈക്കോടതി

Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്‍പ്പന ശാലകളില്ലെന്ന് ഹൈക്കോടതി. ബെവ് കോ ഷോപ്പുകളുടെ എണ്ണം കുറവാണ് എന്നാണ് കോടതി നിരീക്ഷണം. അയല്‍ സംസ്ഥാനത്ത് 2000 ഷോപ്പുകള്‍ ഉള്ളപ്പോള്‍, കേരളത്തില്‍ 300 എണ്ണം മാത്രമേ ഉള്ളെന്നും കോടതി നിരീക്ഷിച്ചു. മാഹിയില്‍ ഇതില്‍ക്കൂടുതല്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഓഡിറ്റ് നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. മദ്യവില്‍പ്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് കോടതി പരാമര്‍ശം. തിരക്ക് നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസങ്ങളില്‍, മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിന് എതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസിനു മുന്നില്‍ നൂറുകണക്കിനാളുകളെ അനുവദിക്കുന്നു എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. ബെവ്‌കോയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എക്‌സൈസ് കമ്മീഷണര്‍ക്കും ബെവ്‌കോ സിഎംഡിയ്ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.തിരക്ക് നിയന്ത്രിക്കാന്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ബെവ്‌കോ കോടതിയെ അറിയിച്ചു.

Facebook Comments Box