Kerala News

‘അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തി’ കോടിയേരിയെ ചികിത്സിച്ച ഡോക്‌ട‌ര്‍ ബോബന്‍ തോമസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു

Keralanewz.com

സി.പിഎം സമുന്നത നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തില്‍ കേരളം തേങ്ങുമ്ബോള്‍ ശ്രദ്ധേയമായി മാറുന്നു അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ്.

‘താന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍’ എന്ന് ഡോ. ബോബന്‍ തോമസ്‌ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടുവര്‍ഷക്കാലം പൂര്‍ണമായും കോടിയേരിയുടെ ചികിത്സാചുമതല നിര്‍വഹിച്ചത്‌ ഡോ. ബോബന്‍ തോമസാണ്.

“പാന്‍ക്രിയാസ് ക്യാന്‍സര്‍ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരുന്നിട്ടുകൂടി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം കാണിച്ച ആര്‍ജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐ,സി,യുവില്‍ അഡ്മിറ്റ് ചെയ്യുമ്ബോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്പം പുരോഗതി കാണുമ്ബോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു. പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടര്‍ എന്ന നിലയ്ക്ക് നമുക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും പുഞ്ചിരിച്ചുകൊണ്ട്, ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ഏത് പ്രതിബന്ധത്തിലും, ജീവിത പ്രയാസങ്ങളിലും സഖാവിന്‍്റെ ജീവനും, ശ്വാസവും പാര്‍ടി തന്നെയായിരുന്നു എന്ന് ചികിത്സിച്ച മൂന്നുവര്‍ഷംകൊണ്ട് എനിക്ക് വ്യക്തിപരമായി പറയുവാന്‍ സാധിക്കും.” അദ്ദേഹം സ്മരിച്ചു.

ഏറ്റവും അവസാനം ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകാന്‍ എയര്‍ ആംബുലന്‍സില്‍ സൗകര്യം ഒരുക്കാനും അദ്ദേഹത്തെ മാറ്റാനുമടക്കം മുന്‍പന്തിയില്‍ ഡോക്ടര്‍ ബോബന്‍ തോമസ് ഉണ്ടായിരുന്നു. ‘ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്ന് കയറുന്നതിന് മുമ്ബ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ‘ഡോക്ടറെ അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ’, ആ വാക്കുകളില്‍ എന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്തം മുഴുവന്‍ പ്രകടമായിരുന്നു. സഖാവിനെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ അപ്പോളോയില്‍ എത്തിക്കണം എന്ന വലിയ ഉത്തരവാദിത്തം. ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് എന്‍്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ ആകാത്ത ഒരേട്’, ഡോ. ബോബന്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു

Facebook Comments Box