National News

ഭാഗീരഥിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത്‌ ഗര്‍ഭിണിയാണെന്ന സംശയം; ഫോണില്‍ നിന്നു പ്രഗ്‌നന്‍സി കിറ്റിന്റെ വിവരങ്ങള്‍, പോലീസിന് ചോദ്യം ചെയ്യാന്‍ ലഭിച്ചത് അഞ്ചു മിനിറ്റ്

Keralanewz.com

കൊച്ചി:എളംകുളത്ത്‌ വാടക വീട്ടില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്‌റ്റിക്‌ കവറില്‍ ഒളിപ്പിച്ച കേസില്‍ പ്രതി റാം ബഹദൂറിന്റെ മൊബൈല്‍ ഫോണില്‍ നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു.

കൊല്ലപ്പെട്ട ഭാഗീരഥി ധാമി ഗര്‍ഭിണിയാണെന്ന സംശയമാണു റാം ബഹാദൂറിനെ കൊലയ്‌ക്കു പ്രേരിപ്പിച്ചതെന്നാണു വ്യക്‌തമാകുന്നത്‌. നേപ്പാള്‍ പോലീസിന്റെ കസ്‌റ്റഡിയില്‍ കഴിയുന്ന റാം ബഹാദൂറിന്റെ മൊബൈല്‍ ഫോണില്‍ നിന്നു യുവതി ഗര്‍ഭിണിയാണോയെന്നു പരിശോധിക്കുന്നതിനായി വാങ്ങിയ പ്രഗ്‌നന്‍സി കിറ്റിന്റെ വിവരങ്ങള്‍ കൊച്ചി സിറ്റി പോലീസിനു ലഭിച്ചു.

റാം ബഹാദൂര്‍ രണ്ടുതവണ വിവാഹം കഴിച്ചയാളാണ്‌. ഈ ബന്ധത്തില്‍ നാലു കുട്ടികളുമുണ്ട്‌. എന്നാല്‍ ഭാഗീരഥിയെ നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല. അവര്‍ ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞശേഷം റാം ബഹാദൂറിനോടു നിയമപ്രകാരം വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരിക്കാമെന്ന നിഗമനത്തിലാണ്‌ അന്വേഷണ സംഘം.അതിനു താല്‍പര്യമില്ലാതെ റാം ബഹാദൂര്‍ കൊല നടത്തിയെന്നാണു പോലീസ്‌ സംഘം കരുതുന്നത്‌. ഇയാളെ കസ്‌റ്റഡിയിലെടുത്തു കൂടുതല്‍ ചോദ്യം ചെയ്‌താല്‍ മാത്രമേ ഇതില്‍ വ്യക്‌തത വരുത്താനാകൂ. അതേസമയം, റാം ബഹദൂറിനു ഭഗീരഥിയെ സംശയം ഉണ്ടായതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

മണിക്കൂറുകള്‍ നീണ്ടിരുന്ന ഇവരുടെ ഫോണ്‍കോളുകളെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കു പതിവായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്‌. കൊലയ്‌ക്കു ശേഷം ഫോണിലെ മുഴുവന്‍ വിവരങ്ങളും നീക്കിയിട്ടാണു റാം ബഹാദൂര്‍ കൊച്ചി വിട്ടത്‌. ഇയാളുടെ ഫോണില്‍ നിന്നു നീക്കം ചെയ്‌ത വിവരങ്ങള്‍ നേപ്പാള്‍ പൊലീസിന്റെ സഹായത്തോടെയാണു കൊച്ചി സിറ്റി പോലീസ്‌ വീണ്ടെടുത്തത്‌. ഭഗീരഥി ധാമിയുടെ മൃതദേഹത്തിന്റെ ഫോട്ടോകളും ഫോണില്‍ നിന്നു പോലീസ്‌ വീണ്ടെടുക്കുകയുണ്ടായി.

അതേസമയം, റാം ബഹാദൂറിനെ ചോദ്യം ചെയ്യാന്‍ അഞ്ചു മിനിറ്റു സമയമാണു നേപ്പാള്‍ പോലീസ്‌ കേരളത്തില്‍ നിന്നുള്ള അന്വേഷക സംഘത്തിന്‌ അനുവദിച്ചത്‌. കുറഞ്ഞ സമയത്തിനുള്ളില്‍ കിട്ടാവുന്ന വിവരങ്ങളത്രയും കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം ശേഖരിച്ചു.
കൊല ചെയ്യപ്പെട്ട ആളെക്കുറിച്ചോ കൊലപാതകിയെ കുറിച്ചോ യാതൊരു വിവരവും ലഭ്യമാക്കാത്ത അവസ്‌ഥയില്‍ ഒമ്ബതു ദിവസത്തിനകമാണു മറ്റൊരു രാജ്യത്തു നിന്നു പ്രതിയെ പിടികൂടാനുള്ള കരുക്കള്‍ പോലീസ്‌ നീക്കിയത്‌. നേപ്പാള്‍ പോലീസിനു കൈമാറിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണു നേപ്പാള്‍ പോലീസ്‌ അയാളെ അറസ്‌റ്റു ചെയ്‌തത്‌. നേപ്പാള്‍ പോലീസ്‌ ഇയാള്‍ക്കെതിരേ വിവിധ കുറ്റകൃത്യങ്ങളില്‍ കേസെടുത്തിട്ടുണ്ട്‌. നിലവില്‍ റാം ബഹാദൂര്‍ നേപ്പാള്‍ പോലീസിന്റെ കസ്‌റ്റഡിയിലാണ്‌. ഇയാളെ കേരള പോലീസിനു വിട്ടുകിട്ടാനായി ആഭ്യന്തര മന്ത്രാലയം വഴിയാണു ശ്രമം നടക്കുന്നത്‌.

Facebook Comments Box