എംജി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകന്റെ കൈയ്യിൽ നിന്നും ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടു
ഇടുക്കി: എംജി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകന്റെ കൈയ്യിൽ നിന്നും ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ പുനഃപരീക്ഷയ്‌ക്കൊരുങ്ങുകയാണ് 20 വിദ്യാർത്ഥികൾ. തൊടുപുഴ ന്യൂമാൻ കോളേജിലെ ബി.കോം വിദ്യാർത്ഥികൾക്കാണ് പരീക്ഷ വീണ്ടും എഴുതേണ്ടി വരുന്നത്.
ബസ് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ അദ്ധ്യാപകന് ഉത്തരക്കടലാസുകൾ നഷ്ടമാവുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ പോലീസിൽ പരാതി നൽകുകയും അത് എം.ജി. സർവകലാശാലയിൽ അറിയിക്കുകയും ചെയ്തു. ജനുവരി മാസത്തിലായിരുന്നു പരീക്ഷ. ജൂലൈ മാസത്തിൽ ഫലം വരികയും ചെയ്തു.
നിലവിൽ ഈ 20 വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞ് വച്ചിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷയ്‌ക്കൊപ്പം ഇവർ പുനഃപരീക്ഷ എഴുതണം. എന്നാൽ ഈ മാർക്ക് ‘സപ്ലിമെന്ററി’ എന്ന് രേഖപ്പെടുത്താതെയാകും മാർക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുകയെന്ന് സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്ടമായ വിവരം അറിയുന്നത്