ഭക്ഷ്യ സുരക്ഷാ പരിശോധന- ഹെൽത്ത് ഇൻസ്പെക്ടർമാർക്കും അധികാരം നല്കണം. കേരളാ എൻ. ജി.ഒ ഫ്രണ്ട് (എം)
തൊടുപുഴ:
കേരളത്തിൽ ഭക്ഷ്യ വിഷബാധയും, ഭക്ഷണശാലകളുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ പ്രശ്നങ്ങളും അധികരിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളും,ഭക്ഷണ നിർമ്മാണ വിതരണ കേന്ദ്രങ്ങളും പരിശോധിച്ച് നടപടികളെടുക്കാനുള്ള അധികാരം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കൂടി നല്കണമെന്ന് കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ് അവശ്യപ്പെട്ടു. കേരള എൻ.ജി.ഒ.ഫ്രണ്ട് ഇടുക്കി ജില്ല നേതൃ യോഗം തൊടുപുഴയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.അദ്ധേഹം.
ഒരു നിയോജക മണ്ഡലത്തിൽ ഒരു ഫുഡ് സേഫ്റ്റി ഓഫീസർ മാത്രമാണുള്ളത്.
സ്ഥാപനങ്ങളുടെ ആധിക്യം മൂലം പരിശോധന നടത്താനും നടപടികൾ സ്വീകരിക്കാനും ഇവർക്കു കഴിയുന്നില്ല.
ഹെൽത്ത് ഇൻസ്പെക്ടർമാരായിരുന്നു മുമ്പ് ഈ പോരായ്മ നികത്തിക്കൊണ്ടിരുന്നത്.പുതിയ പബ്ലിക് ഹെൽത്ത് ഓർഡിനൻസിൽ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തിന് മുമ്പുണ്ടായിരുന്ന അധികാരങ്ങൾ എടുത്തു കളഞ്ഞത് ഭക്ഷണശാലകളിലെ പരിശോധനകൾ കുറയാൻ കാരണമാക്കിയിട്ടുണ്ട്.
പഞ്ചായത്തുതലത്തിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടറും മൂന്നു മുതൽ 5 വരെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും നിലവിലുള്ളപ്പോൾ ഭക്ഷ്യ സുരക്ഷാ മേഖലയിൽ ഇവരെ ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാർ തയ്യാറാകണമെന്നും, പബ്ലിക് ഹെൽത്ത് ഓർഡിനൻസിൽ വേണ്ട ഭേദഗതികൾ വരുത്തി ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ, ടെക് നിക്കൽ അസിസ്റ്റൻ്റ് എന്നിവർക്കു കൂടി നടപടികൾ എടുക്കാനുള്ള അധികാരം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡെന്നി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിജു.വി.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ് . അശ്വനികുമാർ സംഘടനാ ചർച്ച നടത്തി. എറണാകുളം ജില്ലാ പ്രസിഡന്റ് ടി.വി തോമസ് സർവ്വീസ്സ്സംഘടകളും ജീവനക്കാരും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. , പാർട്ടി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, ജയകൃഷ്ണൻ പുതിയേടത്ത് മനോജ് കുമാർ കെ.എ,ബിനോയി എം.കെ , റെജി ജോസഫ്എന്നിവർ പ്രസംഗിച്ചു. തൊടുപുഴ.16/01/23