Wed. May 8th, 2024

ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അറസ്റ്റില്‍

By admin Apr 28, 2022 #news
Keralanewz.com

കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ എഎ ഇബ്രാഹികുട്ടിയുടെ മകന്‍ ഷാബിനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് ഷാബിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകിട്ടോടു കൂടി ഷാബിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.


കേസില്‍ രണ്ടാംപ്രതിയായ ഷാബിന്‍ ആണ് സ്വര്‍ണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചത് എന്ന തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഷാബിന്‍ ഉള്‍പ്പെട്ട സംഘത്തിന്റെ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവില്‍ സ്വര്‍ണം കടത്തുന്നു എന്ന വിവരത്തെതുടര്‍ന്നാണ് കസ്റ്റംസ് യന്ത്രം പരിശോധിച്ചത്. തുടര്‍ന്ന് സ്വര്‍ണം കണ്ടെത്തുകയായിരുന്നു


സംഭവവുമായി ബന്ധപ്പെട്ട് സ്വര്‍ണം വാങ്ങാനെത്തിയ നകുല്‍ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ പരിശോധനയില്‍ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തുകയും തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനായ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തുകയും ഷാബിന്റെ പാസ്‌പോര്‍ട്ട് ലാപ്‌ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതില്‍ നിന്നാണ് ഷാബിന്‍ വലിയൊരു സ്വര്‍ണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം


കേസിലെ പ്രധാനപ്രതിയും സിനിമാ നിര്‍മ്മാതാവുമായ കെ പി സിറാജുദ്ദീനാണ് ഷാബിന് വേണ്ടി സ്വര്‍ണം അയച്ചു കൊടുക്കുന്നെന്നാണ് വിവരം. സിറാജുദ്ദീന്‍ നിലവില്‍ വിദേശത്ത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്


നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃക്കാക്കര ‘തുരുത്തേല്‍ എന്റര്‍പ്രൈസസി’ന്റെ പേരിലെത്തിയ ഇറച്ചി അരിയല്‍ യന്ത്രത്തില്‍ നിന്നാണ് രണ്ടേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചത്. ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് യന്ത്രം നെടുമ്പാശ്ശേരിയില്‍ എത്തിയത്. പാഴ്‌സല്‍ ഏറ്റെടുക്കാന്‍ വാഹനവുമായി എത്തിയ കാക്കനാട് സ്വദേശി നകുലിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തതില്‍ നിന്നാണ് ഷാബിന്റെയും സിറാജുദ്ദീന്‍മാരുടെയും പങ്കാളിത്തം വ്യക്തമായതെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.എ. ഇബ്രാഹിംകുട്ടിയിടെ വീട്ടില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയത്


കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍, എ.എ. ഇബ്രാഹിംകുട്ടി ബുധനാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യലിന് രാവിലെ ഹാജരായിരുന്നു. ഉച്ചയ്ക്ക് ഒന്നരവരെ ചോദ്യംചെയ്യല്‍ നീണ്ടു. തനിക്കോ മകനോ സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് അദ്ദേഹം കസ്റ്റംസിന് മുന്നില്‍ ആവര്‍ത്തിച്ചു. ആവശ്യമെങ്കില്‍ വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന

Facebook Comments Box

By admin

Related Post