International NewsKerala News

പതിനഞ്ചാമത് മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ . വിപുലമായ തയ്യാറെടുപ്പുകളോടെ ബോൾട്ടണിലെ മുട്ടുചിറക്കാർ.

Keralanewz.com

പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ൽ ഒഴികെ, കഴിഞ്ഞ പതിനാല് വർഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂർവ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോൾട്ടണിലെ മുട്ടുചിറക്കാർ.

ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അൽഫോൻസാമ്മ ബാല്യ, കൌമാരങ്ങൾ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്. വടക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കൽ തറവാട്. ഭാഗവതഹംസം ബ്രഹ്‌മശ്രീ മള്ളിയൂർ ശ്രീ ശങ്കരൻ നമ്പൂതിരിപ്പാടിലൂടെ, കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി മാറിയ മള്ളിയൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ.

സ്വിറ്റ്സർലൻഡിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വർഗ്ഗീസ് നടക്കൽ രക്ഷാധികാരിയായും ബോൾട്ടണിലെ ജോണി കണിവേലിൽ ജനറൽ കൺവീനറായും 2009 ൽ തുടക്കം കുറിച്ച മുട്ടുചിറ സംഗമം UK, ഇരുവരുടെയും നേതൃത്വത്തിൽ ഊർജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാർഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

മുട്ടുചിറ സംഗമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

ജോണി കണിവേലിൽ – 07889800292,
കുര്യൻ ജോർജ്ജ് – 07877348602,
സൈബൻ ജോസഫ് – 07411437404,
ബിനോയ് മാത്യു – 07717488268,
ഷാരോൺ ജോസഫ് – 07901603309.

Facebook Comments Box