Sun. May 19th, 2024

കെപിസിസി അധ്യക്ഷപദം: കെ.സുധാകരന് തിരികെയെത്താന്‍ തിടുക്കം, ഹസ്സന്‍ തുടരുമോ?

By admin May 6, 2024
Keralanewz.com

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്താന്‍ വൈകുന്നതില്‍ കെ സുധാകരന്‍ അതൃപ്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനാലാണ് സുധാകരന്‍ താല്‍ക്കാലികമായി കെപിസിസി അധ്യക്ഷപദവി ഒഴിഞ്ഞതും എം.എം.ഹസന് താല്‍ക്കാലിക ചുമതല നല്‍കിയതും.

ഇപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് തന്നെ വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണം എന്നാണ് സുധാകരന്റെ താല്പര്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് വലിയ തിടുക്കം കാണിക്കുന്നില്ല.നിലവിലുള്ള സാമൂഹ്യ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഹസനെ പോലെ ഒരാള്‍ കേരളത്തിലെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ദേശീയതലത്തില്‍ പാര്‍ട്ടിക്ക് പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് എഐസിസി നേതൃത്വം. അതിനാല്‍ തന്നെ അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞശേഷം മാത്രം ഇക്കാര്യം ആലോചിച്ചാല്‍ മതിയെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഹൈക്കമാന്‍ഡിനെ ഉപദേശിച്ചിരിക്കുന്നത്. ഹസന്‍ തുടര്‍ന്നാലും തെറ്റില്ലെന്ന ചിന്തയുമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് മതിപ്പുനിലനിര്‍ത്താന്‍ ഹസന്റെ അധ്യക്ഷപദവി പ്രയോജനപ്പെടുമെന്ന് പാര്‍ട്ടി കരുതുന്നു.
അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ തുടരാനാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹസ്സന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താനും കെ.സി വേണുഗോപാലും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും തമ്മില്‍ ആലോചിച്ചാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരനോട് ആലോചിച്ചില്ലെന്ന് വ്യംഗ്യം.

Facebook Comments Box

By admin

Related Post