Kerala NewsLocal News

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

Keralanewz.com

കാട്ടാക്കട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതി ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി.

കന്നട പുത്തൂർ ഉപ്പിനങ്ങാടി സ്വദേശി നിതിൻ പി. ജോയ് ആണ് (35) പിടിയിലായത്.

നെയ്യാർഡാം മരുതുംമൂട് സ്വദേശി കാട്ടാക്കട ചൂണ്ടുപലകയില്‍ തേജസ്സ് നിവാസില്‍ താമസിക്കുന്ന കെ.ജി. അമ്ബിളിയുടെ പരാതിയിലാണ് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജൻസിക്കെതിരെ തൊഴില്‍തട്ടിപ്പിന് കാട്ടാക്കട പൊലീസ് കേസെടുത്ത്. ഒളിവില്‍ പോയ നിതിൻ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

എറണാകുളം രവിപുരത്ത് എഫ് ആൻഡ് ക്യൂ ആർക്കേഡില്‍ പ്രവർത്തിക്കുന്ന ട്രാവല്‍ ഏജൻസിയുടെ നടത്തിപ്പുകാരാണ് നിതിനും സുഹൃത്തുക്കളും. അമ്ബിളിയുടെ ബിരുദധാരിയായ മകൻ നിഖില്‍ സാജന് യു.കെയില്‍ ജോലി വാഗ്‌ദാനം ചെയ്ത് വിവിധ ഘട്ടങ്ങളിലായി 10,08,000 രൂപ തട്ടിയെടുത്തതായാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജൻസി നടത്തിയ തിരിമറിയില്‍ 10 വർഷത്തേക്ക് നിഖിലിന് യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകാനാവാത്ത വിധം ബ്രിട്ടീഷ് എംബസി പാസ്പോർട്ട് വിലക്കിയതോടെയാണ് പരാതി ഉണ്ടായത്.

Facebook Comments Box