കോട്ടയത്തെ നോളജ് ഹബ്ബാക്കുന്നതിനുള്ള വികസന ബ്ലൂപ്രിന്റ്
ജോസ് കെ.മാണി
കോട്ടയം – കോട്ടയത്തെ നോളജ് ഹബ്ബാക്കുന്നതിനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള വികസന ബ്ലൂ പ്രിന്റാണ് സംസ്ഥാന ബജറ്റെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ മാണി എം.പി
നോളജ് ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച മൂന്നു പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചുവെന്നത് ഇക്കാര്യത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്. ജില്ലയില്‍ പാലാ കേന്ദ്രമായി പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായതോടെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ വിശാലമായ ലോകത്തേക്കുള്ള പ്രവേശന കവാടം തുറക്കും. 3 കോടി രൂപ അടങ്കല്‍ തുകയുള്ള ഈ പദ്ധതിക്ക് 60 ലക്ഷം രൂപയാണ് ആദ്യഗഡുവായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എന്‍ജിനീയറിംഗ്, നെഴ്‌സിങ്ങ് ബിരുദധാരികള്‍ക്ക് സ്‌കില്‍ പരിശീലനം നല്‍കുന്നതിനും അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയുവാനും ഈ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാവും
കുറവിലങ്ങാട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യസയന്‍സ് സിറ്റിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇതോടെ ഈ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുവാനും കോട്ടയം ദക്ഷിണേന്ത്യയുടെ ശാസ്ത്രതലസ്ഥാനമായി മാറുകയും ചെയ്യും. കോട്ടയം ജില്ലയിലെ വലവൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി (ഐടി പാര്‍ക്ക്) ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ഇന്‍ഫോ സിറ്റി ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ചതെന്നും ജോസ് കെ.മാണി പറഞ്ഞു.