Thu. May 2nd, 2024

കുറവിലങ്ങാട് പഞ്ചായത്ത്‌ പ്രസിഡണ്ടിനെതിരെ അഴിമതി ആരോപണംപഞ്ചായത്ത് കമ്മിറ്റിയിൽ കുത്തിയിരിപ്പ് സമരം

By admin Feb 9, 2023 #Kuravilangad Strike
Keralanewz.com

കുറവിലങ്ങാട് : രൂപശ്രീ അയൽക്കൂട്ടം തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കുടുംബശ്രീ അംഗങ്ങൾ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണവും പരാതിയും ഉയർന്ന സാഹചര്യത്തിലാണ് പ്രതിഷേധം.ആരോപണ വിധേയയായ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേരാൻ തങ്ങൾക്ക് സമ്മതമല്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് അവതരിപ്പിക്കണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു.കുടുംബശ്രീ മിഷന്റെ അന്വേഷണ റിപ്പോർട്ട് കമ്മറ്റിയിൽ അവതരിപ്പിക്കാൻ ആവില്ലെന്ന കടുത്ത നിലപാടെടുത്തതോടുകൂടി പ്രതിപക്ഷ മെമ്പർമാർ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് മുദ്രാവാക്യം വിളികളോടെ അംഗങ്ങൾ അധ്യക്ഷ വേദിക്കു മുൻപിൽ കുത്തിയിരിപ്പ് നടത്തി.ഇത് തടയാൻ ശ്രമിച്ച ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷ വനിതാ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും നടന്നു. പഞ്ചായത്ത് പ്രസിഡണ്ടും ഭർത്താവും ചേർന്ന് രൂപശ്രീഅംഗങ്ങൾ തിരിച്ചടിച്ച കോവിഡ് ലോൺ ബാങ്കിലടക്കാതെ കൈക്കലാക്കി എന്നതാണ് പരാതി.ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരാതിക്കാരായ കുടുംബശ്രീ വനിതകളെ ഹിയറിംഗ് എന്ന പേരിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും അസമയത്ത് തടഞ്ഞു വയ്ക്കുകയും ചെയ്തതായും പരാതിയുണ്ട്.പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡ്ഇങ് കമ്മിറ്റി ചെയർമാനും ഇതിന് നേതൃത്വം കൊടുത്തതായി കുടുംബശ്രീ അംഗങ്ങൾ ആരോപിച്ചു. ഓഫീസ് ടൈം കഴിഞ്ഞു ഹിയറിങ് എന്ന പേരിൽ ചോദ്യം ചെയ്യൽ നേരിട്ട കുടുംബശ്രീ അംഗങ്ങളെ കഴിഞ്ഞദിവസം ഭർത്താക്കന്മാരും പൊതുപ്രവർത്തകരും ഇടപെട്ടാണ് പഞ്ചായത്തിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്.മീറ്റിംഗ് ഹാളിലെ പ്രതിഷേധത്തെ തുടർന്ന് ഭരണകക്ഷി അജണ്ടകൾ ചർച്ച ചെയ്യാതെ പാസാക്കി കമ്മിറ്റി അവസാനിപ്പിക്കുകയായിരുന്നു.കുത്തിയിരുപ്പ് സമരത്തെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തി.പ്രതിപക്ഷ അംഗങ്ങളായ ഡാർലി ജോജി,സന്ധ്യാ സജികുമാർ ,രമാ രാജു ,വിനു കുര്യൻ,ഇ എ . കമലാസനൻ ,ബിജു പുഞ്ചയിൽ എന്നിവർ നേതൃത്വം കൊടുത്തു.രണ്ടുമാസം മുൻപ് ആരംഭിച്ച പ്രശ്നത്തിൽ യുഡിഎഫിന്റെ മൗനം അഴിമതിക്കാരിയെ സംരക്ഷിക്കാൻ ആണെങ്കിലും യുഡിഎഫിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്നതാണെന്ന് മെമ്പർമാർ പറഞ്ഞു.പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണയിൽ എൽ.ഡി.എഫ്. നേതാക്കളായ സിബി മാണി,സദാനന്ദശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post