Fri. Apr 26th, 2024

കുത്തിയൊഴുകുന്ന മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം തണുത്തുവിറങ്ങലിച്ച് ഒഴുകിയെത്തിയ വയോധികയ്ക്ക്‌ പുനർജന്മം

By admin Jul 22, 2021 #news
Keralanewz.com

കോട്ടയം: കുത്തിയൊഴുകുന്ന മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം തണുത്തുവിറങ്ങലിച്ച് ഒഴുകിയെത്തിയ വയോധികയ്ക്ക്‌ പുനർജന്മം. ജീവിതത്തിലേക്ക്‌ അവരെ പിടിച്ചുകയറ്റിയ ‘ദൈവത്തിന്റെ കൈ’കൾ അഞ്ചുപേരുടേതാണ്‌. മിമിക്രി കലാകാരൻ ഷാൽ കോട്ടയവും അമ്മ ലാലിയും സുഹൃത്തുക്കളുമാണ്‌ കറുകച്ചാൽ സ്വദേശിനിയായ രാജമ്മയെ(82) രക്ഷിച്ചത്‌.

മറക്കാനാകാത്ത നിമിഷങ്ങളെക്കുറിച്ച്‌ 38-കാരനായ ഇടയാഞ്ഞിലിമാലിൽ ഷാൽ കോട്ടയം പറയുന്നു: ‘ചുങ്കം പാലത്തിന് സമീപമാണ്‌ താമസിക്കുന്നത്‌. സമയം ഉച്ചയ്ക്ക്‌ രണ്ടര. ചോറുണ്ടുകൊണ്ടിരിക്കുമ്പോഴാണ്‌ മാലിക്കാട്ടുമാലിൽ സൗമ്യ, പാലത്തിനുസമീപം ആറ്റിലൂടെ ഒരാൾ ഒഴുകിവരുന്നുവെന്നുപറഞ്ഞ്‌ ഓടിയെത്തിയത്‌. കേട്ടയുടനെ വെള്ളത്തിലേക്ക്‌ ചാടി. അമ്മ ലാലിയും ഒപ്പമുണ്ടായിരുന്നു. വയോധികയ്ക്കടുത്തേക്ക്‌ നീന്തിയെത്തിയപ്പോഴേക്കും, മാലിക്കാട്ടുമാലി മനോഹരനും മാങ്ങാപ്പള്ളിമാലിയിൽ വിപിനും ധനേഷും കരയിൽനിന്ന്‌ വള്ളവുമായി അടുത്തെത്തി.

സാരി ധരിച്ചശേഷം ഇതിനുപുറത്ത് അവർ നൈറ്റിയും ധരിച്ചിരുന്നു. അവർ അബോധാവസ്ഥയിലായിരുന്നു.

വള്ളത്തിൽ കയറ്റിയാൽ വള്ളം മറിയുമെന്ന സാഹചര്യമുണ്ടായിരുന്നതിനാൽ, വള്ളത്തിൽ പിടിച്ചശേഷം പതിയെ വയോധികയെ കരയിലേക്കടുപ്പിച്ചു. വീടിന്റെ തിണ്ണയിൽ കിടത്തി. എല്ലാവരുംചേർന്ന്‌ കാലുകൾ തിരുമ്മി. ഇതിനിടെ അവർ ഛർദിച്ചു. മള്ളൂശ്ശേരി രക്തദാനസേനാ കോ-ഓർഡിനേറ്റർ വർഗീസ്‌ ജോണിനെ വിവരമറിയിച്ചു. അദ്ദേഹവും എത്തി. തുടർന്ന്, അഗ്നിരക്ഷാസേന ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വെള്ളത്തിലൂടെ കിലോമീറ്ററുകൾ ഒഴുകിയെത്തിയതിനാൽ, ഇവർക്ക് സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. ഇതേത്തുടർന്ന് ഇവരുടെ ചിത്രമെടുത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. നിമിഷങ്ങൾക്കകം, രക്ഷപ്പെടുത്തിയത് കറുകച്ചാൽ സ്വദേശിനിയെയാണെന്ന്‌ കണ്ടെത്തി. 15 മിനിറ്റിനുള്ളിൽ ആളെ തിരിച്ചറിയാനായി. ശക്തമായ ഒഴുക്കിൽ ദൈവാനുഗ്രഹംകൊണ്ടാണ്‌ അവരെ രക്ഷിക്കാനായത്‌’. നാഗമ്പടം പള്ളിയിൽ വന്ന വയോധിക പുഴയിൽ മുഖം കഴുകാൻ ഇറങ്ങവേ ഒഴുക്കിൽപ്പെട്ടുവെന്നാണ് പ്രാഥമികനിഗമനം.

Facebook Comments Box

By admin

Related Post