പ്രിയാമണിയുമായുള്ള മുസ്‍തഫയുടെ വിവാഹത്തിന് നിയമസാധുതയില്ല,ആരോപണമുയര്‍ത്തി മുസ്‍തഫയുടെ ആദ്യ ഭാര്യ

Spread the love
       
 
  
    

ചെന്നൈ:നടി പ്രിയാമണിയുമായുള്ള മുസ്‍തഫ രാജിന്‍റെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആരോപണമുയര്‍ത്തി മുസ്‍തഫയുടെ ആദ്യ ഭാര്യ ആയിഷ. താനുമായുള്ള വിവാഹബന്ധം മുസ്‍തഫ ഇനിയും വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നും ആയിഷ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്‍തഫയ്ക്കും പ്രിയാമണിക്കുമെതിരെ ഒരു ക്രിമിനല്‍ കേസും ഫയല്‍ ചെയ്‍തിട്ടുണ്ട് ആയിഷ. കൂടാതെ ഗാര്‍ഹിക പീഡനാരോപണം ഉയര്‍ത്തി മറ്റൊരു കേസും മുസ്‍തഫയ്ക്കെതിരെ നല്‍കിയിട്ടുണ്ട് ആദ്യഭാര്യ.

പ്രിയാമണിയുമായുള്ള മുസ്‍തഫയുടെ വിവാഹം നടക്കുന്ന സമയത്ത് തങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നുപോലുമില്ലെന്ന് ആയിഷ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2017ലായിരുന്നു പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം. അതേസമയം ആദ്യബന്ധത്തിലെ കുട്ടികളുടെ ചിലവിനായുള്ള തുക താന്‍ ആയിഷയ്ക്കു സ്ഥിരമായി നല്‍കിവരുന്നുണ്ടെന്നും പണം തട്ടിയെടുക്കുകയാണ് ആയിഷയുടെ ഇപ്പോഴത്തെ ശ്രമമെന്നും മുസ്‍തഫ ആരോപിക്കുന്നു.

“ഞാനും ആയിഷയുടെ 2010 മുതല്‍ പിരിഞ്ഞാണ് താമസിക്കുന്നത്. 2013ല്‍ വിവാഹമോചിതരാവുകയും ചെയ്‍തു. പ്രിയാമണിയുമായുള്ള എന്‍റെ വിവാഹം 2017ലാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ആയിഷ ഇക്കാലമത്രയും നിശബ്ദത പാലിച്ചത്?”, മുസ്‍തഫ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.

“രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയില്‍ എനിക്ക് മറ്റെന്തു ചെയ്യാനാവും? ഹിതകരമായ ഒരു പരിഹാരത്തിനാണ് നമ്മള്‍ ആദ്യം ശ്രമിക്കുക. എന്നാല്‍ അതിനു സാധിക്കാതെ വരുമ്പോള്‍ ചില തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നു”, ആയിഷ പറയുന്നു.

Facebook Comments Box

Spread the love