രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്നൗ കോടതി
സവര്‍ക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്നൗ കോടതി.
രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് അന്വേഷണം നിര്‍ദേശിച്ചാണ് കോടതി ഉത്തരവ്. രാഹുലിനെതിരെ അഡ്വക്കറ്റ് നൃപേന്ദ്ര പാണ്ഡ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഭാരത് ജോഡോ യാത്രക്കിടെ മുംബൈയില്‍ വെച്ച് നടത്തിയ പരാമര്‍ശത്തിലാണ് അന്വേഷണം.
ആന്‍ഡമാന്‍ ജയിലില്‍ കഴിയുമ്ബോള്‍ സവര്‍ക്കര്‍ മാപ്പപേക്ഷ കത്തുകള്‍ എഴുതിക്കെണ്ടേയിരുന്നുവെന്നും ഭീരുവാണെന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ബ്രിട്ടീഷുകാര്‍ക്ക് വീര്‍സവര്‍ക്കര്‍ ഒരു കത്തെഴുതി, ‘സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്’, എന്നെഴുതി ഒപ്പും ഇട്ടു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തില്‍ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരെ വഞ്ചിച്ചു,’ എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. കേസ് ജൂണ്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.