Sat. Apr 20th, 2024

കോഴി തീറ്റ വില കുതിക്കുന്നു

By admin Jul 23, 2021 #news
Keralanewz.com

പരവൂർ:ഒരുവർഷത്തിനിടെ കോഴിത്തീറ്റവില ഇരട്ടിയോളം വർധിച്ചതോടെ കോഴിവളർത്തൽ മേഖലയിൽ പ്രതിസന്ധി രൂക്ഷമായി. ഇറച്ചിക്കോഴിക്കും മുട്ടക്കോഴിക്കുമുള്ള തീറ്റയുടെ വില നിയന്ത്രണമില്ലാതെ കൂടുകയാണ്.

കഴിഞ്ഞവർഷം ഇറച്ചിക്കോഴിത്തീറ്റവില ചാക്കിന് 1,000-1,100 രൂപയുണ്ടായിരുന്നത് 2,000-2,100 രൂപയായി. മുട്ടക്കോഴിത്തീറ്റയ്ക്കും 400 രൂപവരെ വില കൂടി. കോഴിക്കുഞ്ഞിന്റെ തീറ്റയ്ക്ക് 300 രൂപവരെയാണ് കൂടിയത്. വളർച്ചാഘട്ടത്തിലുള്ള കോഴികളുടെ തീറ്റവില 1,000 രൂപയിൽനിന്ന്‌ 1,300-ലേക്ക് ഉയർന്നു. ആഴ്ചതോറും 50 രൂപവീതം കൂടുകയാണെന്നാണ് കോഴിക്കർഷകർ പറയുന്നത്.

തീറ്റച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ കോഴിവളർത്തലിൽനിന്ന്‌ ചെറുകിടകർഷകർ കൂട്ടമായി പിന്മാറുകയാണ്. പൂർണവളർച്ചയെത്തുംമുൻപേ കോഴികളെ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കിയ കർഷകരുമുണ്ട്. മുൻപ്‌ തീറ്റവില കൂടിയാലും ഗോതമ്പുവാങ്ങി പ്രതിസന്ധിഘട്ടത്തെ മറികടന്നിരുന്നു. എന്നാൽ വിപണിയിൽ ഗോതമ്പ്‌ കിട്ടാത്തതും തിരിച്ചടിയായി.

വളർത്താനുള്ള ചെലവേറിയതോടെ കോഴിക്കുഞ്ഞിന്റെ വില കുറഞ്ഞു. അമ്പത്‌ രൂപവരെ ഉണ്ടായിരുന്ന കോഴിക്കുഞ്ഞിന് 12-16 രൂപയാണ് ഇപ്പോൾ വില. തീറ്റവിലവർധന കോഴിക്കടകളിൽ വില കുത്തനെ കൂട്ടിയിട്ടുണ്ട്. കിലോയ്ക്ക് 160 രൂപവരെയാണ് ഇപ്പോൾ കോഴിവില. വിപണി തമിഴ്നാടിനെ ആശ്രയിച്ചു നിൽക്കുന്നതിനാൽ പ്രാദേശിക കർഷകർക്ക് ഇതിന്റെ ഗുണമുണ്ടാകുന്നില്ല.

ചോളം ഉൾപ്പെടെ തീറ്റ ഉത്പാദനത്തിനുള്ള സാധനങ്ങളുടെ ലഭ്യതക്കുറവും ചരക്കുകൂലിവർധനയുമാണ് കോഴിത്തീറ്റയ്ക്കു വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്

Facebook Comments Box

By admin

Related Post

You Missed