Thu. Apr 25th, 2024

ആരാധനക്രമ ഏകീകരണത്തിനെതിരെ സത്യദീപം; സീറോ മലബാര്‍ സഭാ സിനഡ് തീരുമാനം ഏകപക്ഷീയം

By admin Jul 23, 2021 #news
Keralanewz.com

കൊച്ചി: ജനാഭിമുഖ കുര്‍ബാന രീതി തുടരണമെന്ന് സത്യദീപത്തില്‍ മുഖപ്രസംഗം. സഭയും സിനഡും ജനാഭിമുഖമാകണമെന്ന് സത്യദീപം വിശ്വാസികളുടെ വികാരം മനസ്സിലാക്കിയ ശേഷമേ തീരുമാനം നടപ്പാക്കാവൂ. സിനഡിലേയ്ക്ക് വൈദികര്‍ക്കും അല്മായര്‍ക്കും പ്രവേശനമുറപ്പാക്കണം. സഭയുടെ പ്രത്യേക നിയമത്തില്‍ മാറ്റം വരുത്തണമെന്നും സത്യദീപം. സിനഡ് അടുത്ത മാസം ചേരാനിരിക്കെയാണ് സത്യദീപത്തില്‍ വിമര്‍ശനം.

മുഖ പ്രസംഗം 2023-ല്‍ റോമില്‍ നടക്കാനിരിക്കുന്ന ആഗോളമെത്രാന്‍ സിനഡിന്റെ റിലേറ്റര്‍ ജനറലായി ലക്‌സംബര്‍ഗ് അതിരൂപതാദ്ധ്യക്ഷനായ ഴാങ് ക്ലോദ് ഹോളെറെച്ചിനെ നിയമിച്ചുകൊണ്ട് സിനഡൊരുക്കങ്ങളുടെ മറ്റൊരു സുപ്രധാന ഘട്ടത്തിലേയ്ക്ക് വത്തിക്കാന്‍ പ്രവേശിച്ചു. സിനഡിന്റെ അടിസ്ഥാന സ്വഭാവമായ ‘സിനഡാലിറ്റി’യെ ത്തന്നെ ചര്‍ച്ചാവിഷയമായി സ്വീകരിച്ചുകൊണ്ടുള്ള ആഗോളസിനഡ് സമ്മേളനത്തിന്റെ മേല്‍നോട്ടച്ചുമതലയാണ് റിലേറ്റര്‍ ജനറലിന്റേത്. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള ഫാ. തോമസ് കൊല്ലംപറമ്ബില്‍ സിഎംഐയെ ആഗോള സിനഡിന്റെ ദൈവശാസ്ത്ര കമ്മീഷനംഗമായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരുന്നു.

ലോകസിനഡിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിതനായിരിക്കുന്ന കാര്‍ഡിനല്‍ മാരിയോ ഗ്രെക് (Mario Grech), സിനഡിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നിടത്ത്, വരാനിരിക്കുന്ന ആഗോള സിനഡല്‍ സമ്മേളനത്തിന്റെ സത്തയും സന്ദേശവും വെളിവാക്കുന്നുണ്ട്. ”ഓരോ ശബ്ദവും കേള്‍ക്കപ്പെടണം. കാരണം മറ്റുള്ളവരെ ശ്രവിച്ചു തുടങ്ങുന്നിടത്താണ് സഭയിലെ തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ആരംഭം തന്നെ. കാരണം സഭയെ പരി. ആത്മാവ് എപ്രകാരം നയിക്കുന്നുവെന്ന വസ്തുത നാം മനസ്സിലാക്കുന്നതുേപാലും ഈ രീതിയില്‍ മാത്രമാണ്. സിനഡ് എപ്പോഴും പരിപാടിയില്‍ (event) നിന്നും പ്രക്രിയ(process)യിലേക്കുള്ള യാത്ര തന്നെയാണ്.
ഇത് സ്ഥല(space)ത്തിന്മേല്‍ സമയ(time)ത്തിനുള്ള ദൈവികാധീശത്വം തന്നെയാണെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. സിനഡ് എന്ന ഗ്രീക്കുമൂലത്തിന്റെ (syn-odes) അര്‍ത്ഥം തന്നെ ‘ഒരുമിച്ചുള്ള നടത്തം’ (walking together) എന്നാണ്. അത് തന്നെയാണ് അതിന്റെ ലക്ഷ്യമെന്നും ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും പുതിയ ‘നമുക്ക് സ്വപ്നം കാണാം – മെച്ചപ്പെട്ട ഭാവിയുടെ പാത’ (Let us dream – The path to a better future) പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

”സംഗീതത്തില്‍ വ്യത്യസ്തമായ സ്വരസ്ഥാനങ്ങള്‍ പരസ്പരം ലയിച്ചൊന്നാകുന്നതുപോലെ, വ്യത്യസ്തതകളും വൈവിധ്യതകളും പരസ്പരം സ്വീകരിച്ചും, ആശ്ലേ ഷിച്ചും പൊതുവായ ധാരണകളിലേയ്ക്ക് സമ്മേളിക്കുന്നതാണ് സിനഡിന്റെ സത്ത യും സൗന്ദര്യവും. അത് ചിലപ്പോള്‍ അപ്രതീക്ഷിതവും, സുന്ദരവും, പലപ്പോഴും സമ്ബന്നവുമാകും. എന്നാല്‍ അത് സാധ്യമാക്കുന്നത് പ. ആത്മാവ് തന്നെയാണ്.”

വ്യത്യസ്തതകളെയും ഭിന്നാഭിപ്രായങ്ങളെയും ഭയക്കേണ്ടതില്ലെന്നു തന്നെയാണ് പാപ്പായുടെ നിലപാട്. ആദിമസഭയിലെ ആദ്യ സിനഡിലെ ചര്‍ച്ചകളെ ആധാരമാക്കിയാണ് പരി. പിതാവ് സിനഡാലിറ്റിയുടെ സവിശേഷ സാഹചര്യത്തെ സമര്‍ത്ഥിക്കുന്നത്. ”പരിശുദ്ധാത്മാവിനും തങ്ങള്‍ക്കും ഒരുപോലെ നല്ലതായി തോന്നിയ കാര്യങ്ങളിലാണ് ആദ്യ സിനഡംഗങ്ങള്‍ ഒരുമിച്ചെത്തിയത് (അപ്പ. 15:28). അത് ‘യഹൂദാചാരങ്ങളുടെ രൂപത്തില്‍ പുതിയ ഭാരങ്ങള്‍ ആദിമ ക്രൈസ്തവര്‍ക്കു നല്‌കേണ്ടതില്ല’ എന്ന തീരുമാനമായിരുന്നു. ആരെയും പുതുതായി ഭാരപ്പെടുത്താതെയും പ്രത്യേകമായി ഒന്നും അടിച്ചേല്പിക്കാതെയും ആധിപത്യത്തിന്റെ വൈരഭാഷ സംസാരിക്കാതെയും സിനഡ് പുരോഗമിക്കുമ്ബോഴാണ് യഥാര്‍ത്ഥ സിനഡാലിറ്റിയുടെ അഭിഷേക സ്വരം അതിനുണ്ടാകുന്നതെന്ന് പാപ്പായ്ക്ക് ഉറപ്പുണ്ട്.

‘ഒരുമിച്ചുള്ള യാത്രയുടെ’ സിനഡനുഭവം സഭയുടെ മാത്രമല്ല, ലോകത്തിന്റെയും പ്രവര്‍ത്തനശൈലിയാകണമെന്ന് പാപ്പ ആഗ്രഹിക്കുന്നു. ”വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ഒപ്പം ആരെയും നശിപ്പിക്കാതെ കൂടെ നടത്തുകയും ചെയ്യുന്ന പക്വതയിലേക്കുള്ള പ്രക്രിയയായി (process) സിനഡ് മാറിത്തീരണം” എന്നതാണ് പാപ്പയുടെ ചിന്ത. ”ഇത് ക്ഷമയും സമര്‍പ്പണവും ആവശ്യമുള്ള അധ്വാനം തന്നെയാണ്. പരസ്പരമുള്ള ശ്രവണത്തിലൂടെ മാത്രമാണ് ശാശ്വതമായ സമാധാനത്തെ സൃഷ്ടിക്കാനും നിലനിര്‍ത്താനുമാകൂ”.

ദൈവജനത്തെ കേട്ട് തുടങ്ങുന്നിടത്തു മാത്രമാണ് സിനഡാലിറ്റി തുടങ്ങുന്നത്. ”സഭയിലെ എല്ലാ വിശ്വാസികളുമായും സംവദിക്കുന്നത് അതിപ്രധാനമാണ്. അതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യവും. വിശ്വാസിസമൂഹം മുഴുവന്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ വിശ്വാസത്തില്‍ ‘തെറ്റാവര’ത്തോടെ നിലകൊള്ളുന്നു”വെന്ന് ഫ്രാന്‍സിസ് പാപ്പ ഉറപ്പിച്ചു പറയുമ്ബോള്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമാകുന്നതും, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാകുന്നതും, ക്രിസ്തീയമല്ലെന്നു തന്നെയാണ് പറയാതെ പറയുന്നത്. ‘എല്ലാവരെയും ബാധിക്കുന്നത് എല്ലാവരാലും ചര്‍ച്ച ചെയ്യപ്പെടണമെന്ന’ (Quod omnes tangit ab omnibus tractari debet) ഒന്നാം സഹസ്രാബ്ദ സഭയുടെ ന്യായത്തിലൂന്നിയാണ് സിനഡാലിറ്റി വികസിക്കുന്നത്. ”അത് സഭാ പ്രബോധനങ്ങളെ മാറുന്ന കാലത്തിനനുസരിച്ച്‌ പ്രയോഗിക്കാനും ജീവിക്കാനും സഹായിക്കാനാണ്”.

സിനഡല്‍ ഹാളിലെ പ്രലോഭനങ്ങളെക്കുറിച്ച്‌ പാപ്പ മുന്നറിയിപ്പ് നല്കുന്നുണ്ട്. സത്യവ്യാഖ്യാനത്തിന്റെ കുത്തകാവകാശവാദമാണ് അതില്‍ പ്രധാനം. മറ്റൊന്ന് വിയോജിപ്പിന്മേലുള്ള ആധിപത്യപ്രയോഗവും. കൂടാതെ രാഷ്ട്രീയക്കളിയുടെ (political battle) പാര്‍ലമെന്റ് സമ്മേളനം പോലെ സിനഡ് വഴി തെറ്റിപ്പോകുന്നതിന്റെ അപകടത്തെപ്പറ്റിയും പരി. പിതാവ് സൂചിപ്പിക്കുന്നുണ്ട്. തോറ്റവരും ജയിച്ചവരുമായി സഭ പിണങ്ങിപ്പിരിയുന്നതിന് സിനഡ് സമ്മേളനം വഴിയൊരുക്കുന്നിടത്ത് ‘സിനഡില്ല’, ‘സമ്മേളനം’ മാത്രമേയുള്ളൂ എന്ന മുന്നറിയിപ്പ് നമ്മുടെ സഭാകൂട്ടായ്മകള്‍ക്കും ബാധകമാണ്.
മറ്റൊരു സിനഡിന്റെ പ്രധാനനാളുകളിലേയ്ക്ക് (ആഗസ്റ്റ് 16-27) സീറോ-മലബാര്‍ സഭ പ്രവേശിക്കുമ്ബോള്‍ പ്രമേയത്തിലും പ്രയോഗത്തിലും സിനഡാലിറ്റിയുടെ സംവാദതലങ്ങളെ അത് ലക്ഷീകരിക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം.

സിനഡിലേയ്ക്ക് വൈദികര്‍ക്കും അല്മായര്‍ക്കും പ്രവേശനമുറപ്പാക്കും വിധം സഭയുടെ പ്രത്യേക നിയമത്തില്‍ മാറ്റം വരുത്തണം. ഐക്യം ”സൃഷ്ടിക്കാ”നുള്ള ശ്രമങ്ങളില്‍ ഐകരൂപ്യത്തിന്റെ ആധിപത്യത്തെ അടിസ്ഥാനമാക്കരുത് എന്ന് റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്ക് 2020 ഡിസംബര്‍ 21 ന് ഫ്രാന്‍സിസ് പാപ്പ നല്കിയ മുന്നറിയിപ്പ് സിനഡംഗങ്ങളുടെ മുന്നിലുണ്ടാകണം. വ്യത്യസ്തമായിരിക്കുന്നതിനെ ഭയപ്പെടേണ്ടതില്ല, അത് ആരാധനയിലാണെങ്കിലും, ആഭിമുഖ്യത്തിലായാലും. അജഗണമാണ് പ്രധാനം. അവര്‍ക്കു വേണ്ടിയുള്ള ആരാധനക്രമം ചിട്ടപ്പെടുത്തുമ്ബോള്‍, അതിന്മേല്‍ അവസാന തീരുമാനമെടുക്കുമ്ബോള്‍ അവരുമുണ്ടാകണം, അവരെയും കേള്‍ക്കണം. സിനഡ് ജനാഭിമുഖമാകണം; സഭയും. ഒപ്പം ഈ കെട്ടകാലത്ത് ഇത്ര ധൃതിപിടിച്ച്‌ ഇതെന്തിന് എന്ന ചോദ്യവും ചുറ്റുമുയരുന്നുണ്ടെന്ന ചിന്തയും വേണം.

Facebook Comments Box

By admin

Related Post