Kerala News

മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടു. വണ്ണപ്പുറം പഞ്ചായത്തിൽ കർഷകർക്കെതിരെയുള്ള നടപടികൾ നിർത്തി വയ്ക്കാൻ വനം വകുപ്പുമന്ത്രി നിർദ്ദേശം നൽകി.

Keralanewz.com

തിരുവനന്തപുരം: വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ നാരങ്ങാനം, മുണ്ടന്‍മുടി മേഖലയില്‍ വനം വകുപ്പ് സ്വീകരിക്കുന്ന കര്‍ഷക വിരുദ്ധ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഫോറസ്റ്റ് മാനേജ്‌മെന്റ് ചീഫിനോട് സ്ഥലം നേരില്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കാനും വനം മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജനപ്രതിനിധികളുമായി കൂടിയാലോചിച്ച ശേഷം മാത്രമാകും തുടര്‍ നടപടികളെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

50 മുതല്‍ 70 വര്‍ഷമായി കൈവശം വച്ച് കൃഷി ചെയ്യുന്ന ഭൂമിയില്‍ മരങ്ങള്‍ വെട്ടുന്നതിന് ഉള്‍പ്പെടെ വനം വകുപ്പ് തടസം നില്‍ക്കുന്നതായാണ് ആരോപണം. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വീട് നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിച്ചവര്‍ക്കെതിരേ വരെ വനം വകുപ്പ് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. പ്രായമായ റബര്‍ വെട്ടിമാറ്റി പുതിയത് കൃഷി ചെയ്യുന്നതിനും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലികള്‍ ചെയ്യിക്കുന്നത് തടയുകയും കേസ് എടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ മന്ത്രി റോഷി അഗസ്റ്റിന് പരാതി നല്‍കിയത്. തുടര്‍ന്ന് അദ്ദേഹം വിഷയം വനം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി നടപടികള്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.

Facebook Comments Box