Kerala News

ചാണ്ടി ഉമ്മന്‍ വേണോ, അച്ചു ഉമ്മന്‍ വേണോ..? പുതുപ്പള്ളിയില്‍ തര്‍ക്കം; കോണ്‍ഗ്രസില്‍ ആശങ്ക. മണ്ഡലത്തിെന്റെ പിന്നോക്കാവസ്ഥ ചർച്ചയായാൽ അത് വിജയത്തെ ബാധിക്കും.

Keralanewz.com

ചാണ്ടി ഉമ്മൻ വേണോ അതോ അച്ചു ഉമ്മൻ വേണോ..? പുതുപ്പള്ളിയില്‍ മാത്രമല്ല, കോണ്‍ഗ്രസിലാകെ ആശയക്കുഴപ്പമാണ്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ആരെ നിര്‍ത്തും എന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സന്ദേഹം നിലനില്‍ക്കുന്നതിനിടെ, പുറത്തുനിന്നവരും ആകട്ടെ എന്ന ആശയവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നു.

ഇതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആകെ ധര്‍മ്മസങ്കടത്തിലായി. ആരെ കൊള്ളും ആരെ തള്ളും എന്നതില്‍ അന്തിമ തീരുമാനം എടുക്കാൻ കഴിയാതെ വിയര്‍ക്കുകയാണ് കോണ്‍ഗ്രസ്.

ഉമ്മൻ ചാണ്ടിയുടെ മരണശേഷം ആരാകും പുതുപ്പള്ളിയില്‍ എന്നത് വലിയ ചര്‍ച്ചയാണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതും ഇതേ ചോദ്യത്തിനുള്ള ഉത്തരമാണ്. എന്നാല്‍, ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് അദ്ദേഹത്തിന്റെ കുടുംബം തീരുമാനിക്കട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. എന്നാല്‍, പുതുപ്പള്ളിയിലെ കാര്യത്തില്‍ സുധാകരൻ പറഞ്ഞത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിയെപ്പറ്റി പറ്റി തീരുമാനമെടുക്കും എന്നായിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടി തന്നെയാണ് നേതാവെന്നും അതുകൊണ്ടുതന്നെ ആ കുടുംബത്തില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ഥി ആകണം എന്നുമാണ് കോട്ടയം ഡിസിസി പറയുന്നത്. സഹതാപ തരംഗം ഉണ്ടെങ്കിലും കൃത്യമായ രാഷ്ട്രീയ പോരാട്ടം വന്നാല്‍ കോണ്‍ഗ്രസ് തറ പറ്റുമെന്നും അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിയുടെ മക്കളില്‍ ആരെങ്കിലും ഒരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതാകും ഉചിതം എന്നാണ് ഡിസിസി നല്‍കിയ റിപ്പോര്‍ട്ട്.

എന്നാല്‍, ചാണ്ടി ഉമ്മനെ സംഘടനാ രംഗത്തേക്ക് മാറ്റി പകരം മകള്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് പുതുപ്പള്ളിയില്‍ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. ഇതിനായി മഹിളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനകം രംഗത്തുവന്നിട്ടുണ്ട്. വാകത്താനം മേഖലയിലുള്ള വനിതാ പ്രവര്‍ത്തകരും ഇക്കാര്യം ഉയര്‍ത്തുന്നു. അച്ചു ഉമ്മൻ ആകുമ്ബോള്‍ തൃക്കാക്കര മോഡല്‍ പ്രചാരണവും വളരെ എളുപ്പം ആണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കെപിസിസി സംസ്ഥാന ഭാരവാഹിയായ ഒരു വനിതാ നേതാവും ഇക്കാര്യം ശരി വെക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ മകൻ ചാണ്ടി ഉമ്മനെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പുതുപ്പള്ളിയുടെ അടുത്ത എംഎല്‍എ എന്ന രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. എന്നാല്‍, ഈ പ്രചാരണത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. മാത്രവുമല്ല, ഹാജിയെ സോഫിയവിഷയത്തില്‍ ചാണ്ടി ഉമ്മൻ നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ ആരെങ്കിലും ഉയര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് അച്ചു ഉമ്മന്റെ പേര് ഒരു വിഭാഗം സജീവമായി ഉയര്‍ത്തുന്നതും.

പുതുപ്പള്ളിയില്‍ ഇക്കുറി ഉമ്മൻ ചാണ്ടിയുടെ മകളെ മത്സരിപ്പിക്കണമെന്ന ആവശ്യവും ചില നേതാക്കളും നാട്ടുകാരും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും മകള്‍ അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. അതുപക്ഷേ നിലവിലെ സാഹചര്യം അനുസരിച്ചാണെന്നും പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍ അച്ചു ഉമ്മനെ രംഗത്തുകൊണ്ടുവരാണ് കഴിയുമെന്നും കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ഇതിനകം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്‍ണന്റെ നേതൃത്വത്തിലാണ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. എന്നാല്‍, ഉമ്മൻ ചാണ്ടിയെ കുരുക്കാനും പെടുത്താനും നിന്ന തിരുവഞ്ചൂരിനെ നമ്ബാൻ പറ്റില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ക്കും സമാന അഭിപ്രായമാണുള്ളത്.

ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സഹതാപതരംഗം ഉണ്ടാക്കിയെടുക്കുക എന്നത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച്‌ കടുത്ത തര്‍ക്കം ഉടലെടുക്കുമെന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് സാധ്യത ഏറെയെങ്കിലും അത്ര പെട്ടന്ന് നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പില്ല. അച്ചു ഉമ്മന്റെ പേര് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാഹചര്യത്തില്‍ വിഷയം എങ്ങനെ പരിഹരിക്കും എന്നതില്‍ കോണ്‍ഗ്രസിലും ആശയക്കുഴപ്പം ഉണ്ട്. ഇതിനിടയിലാണ് പുറത്തുനിന്നുള്ള യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പുതുപ്പള്ളിയില്‍ വരട്ടെ എന്ന യൂത്ത് കോണ്‍ഗ്രസുകാരായ ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയിരിക്കുന്നതും.

ഇതിനിടയിലാണ് മെഴുകുതിരി പ്രാര്‍ത്ഥനയും വിളക്കുവെട്ടങ്ങളുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ നിന്നും മാറിയിട്ടില്ല. കോട്ടയം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണങ്ങളില്‍ എല്ലാം ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യവുമുണ്ട്.

Facebook Comments Box