റവന്യൂ വകുപ്പില്‍ 14 ജില്ലകളിലുമായി 340 ഒഴിവുകള്‍ : പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവ്
കൊച്ചി: റവന്യൂ വകുപ്പില്‍ 14 ജില്ലകളിലുമായി 340 പ്രതീക്ഷിത ഒഴിവുകള്‍. നിയമനാധികാരികള്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത വിവരം സര്‍ക്കാറിനെ അറിയിക്കണമെന്നാണ് ഉത്തരവ്.
റിപ്പോര്‍ട്ട് പ്രകാരം വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കുന്നതിനായി പി.എസ്.സി തയാറാക്കിയ പട്ടികയുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിപ്പിക്കും. അതിനാല്‍ സ്ഥാനക്കയറ്റം വഴി ഉണ്ടാകുന്ന ഒഴിവുകള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം. തഹസില്‍ദാര്‍ -9 , ഡെപ്യൂട്ടി തഹസില്‍ദാര്‍ -168, വില്ലേജ് ഓഫിസര്‍/ഹെഡ് ക്ലര്‍ക്ക് / റവന്യൂ ഇന്‍സ്പെക്ടര്‍ -71, സീനിയര്‍ ക്ലര്‍ക്ക് -92 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രവേശന തസ്തികയില്‍നിന്ന് സ്ഥാനക്കയറ്റം കിട്ടാന്‍ യോഗ്യത നേടിയ ജീവനക്കാരുടെ പട്ടിക കലക്ടര്‍മാരില്‍നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം -25, കൊല്ലം -19, പത്തനംതിട്ട -20, ആലപ്പുഴ -32, കോട്ടയം -32, ഇടുക്കി -27, എറണാകുളം -42, തൃശൂര്‍ -18, പാലക്കാട് -23, കോഴിക്കോട് -14, മലപ്പുറം -36, കണ്ണൂര്‍ -21, വയനാട് -12, കാസര്‍കോഡ് -19 എന്നിങ്ങനെയാണ് ഒഴിവുകള്‍.