Thu. Mar 28th, 2024

പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേരളം; കേന്ദ്രഫണ്ടുകള്‍ നഷ്ടമാകാതിരിക്കാന്‍ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും സമവായത്തിന് ആലോചന; പദ്ധതിയുടെ കരട് തയ്യറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും; സംസ്ഥാനം പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം

By admin Jul 25, 2021 #news
Keralanewz.com

തിരുവനന്തപുരം: ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേരളവും.കേന്ദ്രവിദ്യഭ്യാസ നയത്തോട് എതിര്‍പ്പുണ്ടെങ്കിലും പരസ്യമായ പ്രശ്‌നത്തിന് വഴിവെക്കേണ്ടന്നും അതിനാല്‍ തന്നെ കരട് രേഖയുണ്ടാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനുമാണ് നിലവിലെ ആലോചന. സംസ്ഥാനത്തിന്റേതായ രീതിശാസ്ത്രം അനുസരിച്ച്‌ തയ്യാറാക്കുകയും കേന്ദ്രം ഏതെങ്കിലും ഘട്ടത്തില്‍ തടയിടുന്ന പക്ഷം ഇടപെടുകയും ചെയ്യാമെന്നാണ് ഇപ്പോഴത്തെ ധാരണ.

പാഠപുസ്തക പരിഷ്‌കരണത്തിന് ഫോക്കസ് ഗ്രൂപ്പുകളുടെ രൂപവത്കരണത്തിനുള്ള വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ ഉടന്‍ തുടങ്ങും. പാഠ്യപദ്ധതി – പഠനസമീപനം, ഭാഷാവിഷയങ്ങള്‍, ലിംഗനീതി തുടങ്ങി ഇരുപതോളം വിഷയങ്ങളില്‍ വിദഗ്ധരുടെ പാനല്‍ അടങ്ങിയതാണ് ഫോക്കസ് ഗ്രൂപ്പുകള്‍. യു.ഡി.എഫ്. സര്‍ക്കാര്‍ നിയോഗിച്ച പി.കെ. അബ്ദുല്‍ അസീസ് കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം 2013-’14, 2014-’15 ഓടെയാണ് അവസാനമായി ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പൂര്‍ണമായി പരിഷ്‌കരിച്ചത്.

വിദ്യാഭ്യാസം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മ്മാണത്തിന് അവകാശമുള്ള വിഷയമായതിനാല്‍ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനായേക്കുമെന്നാണ് കരുതുന്നത്. എങ്കിലും കേന്ദ്രഫണ്ടുകള്‍ നഷ്ടമാക്കേണ്ടതില്ലെന്ന നിലപാടും സര്‍ക്കാരിനുണ്ട്. ഇതൊക്കെ കണക്കൂകൂട്ടിയാണ് പ്രത്യക്ഷത്തില്‍ കേന്ദ്രത്തോട് കലഹം വേണ്ടെന്ന തീരുമാനത്തിലേക്ക് സംസ്ഥാനം എത്തിയത്.

അതേസമയം രാഷ്ട്രീയ വിയോജിപ്പു പ്രകടമാക്കി പശ്ചിമബംഗാളും തമിഴ്‌നാടും കരട് നല്‍കാതെ കേന്ദ്രനയത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി കഴിഞ്ഞു.സംസ്ഥാനങ്ങളില്‍ നിന്നുള്ള കരട് അംഗീകരിച്ച്‌ ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകഴിഞ്ഞാല്‍ അതില്‍ പിന്നീട് കാര്യമായ മാറ്റംവരുത്താനാകില്ലെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക.

ഈ പ്രശ്‌നം മുന്‍നിര്‍ത്തി തമിഴ്‌നാടാകട്ടെ സ്വന്തം നിലയ്ക്ക് പാഠ്യപദ്ധതി പരിഷ്‌കരണനടപടികള്‍ ആരംഭിച്ചു.കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ പാഠ്യപദ്ധതിയിലൂടെ നടപ്പാക്കപ്പെട്ടേക്കുമെന്നും സംസ്ഥാനങ്ങള്‍ സംശയിക്കുന്നു.അതിനാലാണ് സ്വന്തം നിലയ്ക്ക് പാഠ്യപദ്ധികള്‍ തയ്യറാക്കാന്‍ സംസ്ഥാനങ്ങള്‍ മുന്നോട്ട് വരുന്നത്.

Facebook Comments Box

By admin

Related Post